അപകട മരങ്ങള്‍ മുറിക്കാനുള്ള അനുമതിയുടെ മറവില്‍ വ്യാപക കടത്ത്

അടിമാലി: അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള അനുമതിയുടെ മറവില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കുത്തകപ്പാട്ട ഏലത്തോട്ടങ്ങളില്‍നിന്ന് റിസോര്‍ട്ട് ഉടമകള്‍ കോടികളുടെ വന്‍മരങ്ങള്‍ വെട്ടിക്കടത്തുന്നു. അടിമാലി, മൂന്നാര്‍, ദേവികുളം റേഞ്ചുകളുടെ പരിധിയിലാണ് മരങ്ങള്‍ വെട്ടുന്നത്. 10 വര്‍ഷത്തിനിടെ പ്രവര്‍ത്തനം തുടങ്ങിയ റിസോര്‍ട്ടുകാരാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ ഉദ്യോഗസ്ഥരുടെ അനുമതിയോടെ വെട്ടിക്കടത്തുന്നത്. കല്ലാര്‍, പോതമേട്, ഒറ്റമരം, ലക്ഷ്മി, ബൈസണ്‍വാലി, പൂപ്പാറ, ശാന്തന്‍പാറ, ബിയല്‍റാം, ചിന്നക്കനാല്‍, സൂര്യനെല്ലി എന്നിവിടങ്ങളില്‍ സി.എച്ച്.ആര്‍ മേഖലയിലാണ് മരങ്ങള്‍ മുറിക്കുന്നത്. താമസിക്കുന്ന വീടുകള്‍ക്കും പൊതുജനങ്ങള്‍ക്കും ജീവനു ഭീഷണിയായ മരങ്ങള്‍ റവന്യൂ വകുപ്പിന്‍െറ അനുമതിയോടെ വെട്ടിനീക്കാമെന്ന് നിയമമുണ്ട്. റേഞ്ച് ഓഫിസറും വില്ളേജ് ഓഫിസറും നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ സാക്ഷ്യപ്പെടുത്തി ആര്‍.ഡി.ഒയാണ് അപകടമരങ്ങള്‍ വെട്ടുന്നതിന് അനുമതി നല്‍കുന്ന സാക്ഷ്യപത്രം ഡി.എഫ്.ഒക്ക് കൈമാറുന്നത്. ഡി.എഫ്.ഒ ഇത് പരിശോധിച്ചശേഷം വെട്ടിനീക്കുന്നതിന് ഉടമക്ക് അനുമതി നല്‍കും. സാധാരണ ഇത് കുടുംബം താമസിക്കുന്ന വീടുകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നവയാണ് പരിഗണിക്കാറുള്ളൂ. പുറമെ റോഡുകളുടെ വശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയായതും പരിഗണിക്കും. എന്നാല്‍, ഇത്തരം അപേക്ഷകള്‍ക്ക് ഏറെ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ റിസോര്‍ട്ട് ഉടമകളുടെ ഇത്തരം അപേക്ഷകള്‍ വേഗത്തില്‍ പരിഗണിച്ചു വന്‍മരങ്ങള്‍ വെട്ടിവിഴ്ത്താന്‍ ഒത്താശ ചെയ്യുന്നു. ഉണങ്ങിയതും അപകടാവസ്ഥയില്‍ നില്‍ക്കുന്നതുമായ മരങ്ങളാണ് വെട്ടേണ്ടതെന്നതിനാല്‍ മരങ്ങള്‍ കൃത്രിമമായി ഉണക്കിയാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനം. ഇത് സംബന്ധിച്ച് ശാസ്ത്രീയ അന്വേഷണം നടത്തിയാല്‍ മരങ്ങള്‍ ഉണങ്ങുന്നതിന്‍െറ കാരണവും വ്യക്തമാകും. ഒരുമാസം മുമ്പ് ദേവികുളം റേഞ്ചില്‍ മൂന്ന് തൊഴിലാളികള്‍ മരംവീണ് മരിച്ചിരുന്നു. ഈ എസ്റ്റേറ്റില്‍ രാസവസ്തു ഉപയോഗിച്ച് നൂറിലേറെ വന്‍മരങ്ങള്‍ ഉടമ ഉണക്കിയതായി വനംവകുപ്പ് കേസുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.