അടിമാലി: കൊച്ചി-മധുര ദേശീയപാതയോരത്ത് വാളറ വെള്ളച്ചാട്ടത്തിനു സമീപം കെ.ടി.ഡി.സി വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത വഴിയോര വിശ്രമ കേന്ദ്രമായ മോട്ടല്‍ ആരാം ഉപയോഗശൂന്യമായി നശിക്കുന്നു. വിനോദസഞ്ചാര വകുപ്പിന്‍െറ കെടുകാര്യസ്ഥതയാണ് കാരണം. 20വര്‍ഷം മുമ്പ് 25 ലക്ഷം രൂപ മുടക്കിയാണ് വിശ്രമകേന്ദ്രം പണിതത്. ഉദ്ഘാടനം നടത്തിയതൊഴിച്ചാല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ടില്ല. ലക്ഷങ്ങളാണ് നഷ്ടപ്പെടുന്നത്. മൂന്ന് വിശ്രമമുറികളും അടുക്കളയും ഹാളും ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളോടെയുമാണ് കെട്ടിടം പണിതത്. ഒരു വര്‍ഷം മുമ്പ് വീണ്ടും 25ലക്ഷം മുടക്കി അറ്റകുറ്റപ്പണി നടത്തിയെങ്കിലും തുറന്ന് കൊടുത്തിട്ടില്ല. അരക്കോടിയോളം രൂപ ഇതുവരെ മുടക്കി. അറ്റകുറ്റപ്പണിക്കായി ചെലവഴിച്ച തുകയില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായും ആക്ഷേപമുണ്ട്. വിശ്രമകേന്ദ്രം യഥാസമയം സഞ്ചാരികള്‍ക്കായി തുറന്നിരുന്നെങ്കില്‍ കെ.ടി.ഡി.സിക്ക് ഇക്കാലയളവില്‍ കോടികള്‍ ലാഭം ലഭിക്കുമായിരുന്നു. സ്വകാര്യ റിസോര്‍ട്ട് ഉടമകളും ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് വിശ്രമകേന്ദ്രം തുറക്കാത്തതിനു പിന്നിലെന്നാണ് പറയുന്നത്. മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളമാണ് വാളറയും ചീയപ്പാറയും. വെള്ളച്ചാട്ടത്തിന്‍െറ സൗന്ദര്യം ആസ്വദിക്കാന്‍ ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളടക്കം മണിക്കൂറുകളോളമാണ് ഇവിടെ തങ്ങുന്നത്. ആധുനിക സൗകര്യങ്ങളുള്ള വിശ്രമകേന്ദ്രം ഇല്ലാത്തത് ഇവിടെ എത്തുന്നവര്‍ക്ക് പ്രയാസമാകുന്നു. ഈ കെട്ടിടം ഇപ്പോള്‍ ശീട്ടുകളിക്കാരുടെയും മറ്റും കേന്ദ്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.