തൊടുപുഴ: ജില്ലയിലെ ചെക്പോസ്റ്റുകളില്‍ എക്സൈസ്, പൊലീസ് സംയുക്തമായി ലഹരിവസ്തുക്കളുടെ വന്‍ ശേഖരം പിടികൂടി. തമിഴ്നാട് പൊലീസുമായി സഹകരിച്ചായിരുന്നു പരിശോധന. ഋഷിരാജ് സിങ്ങിന്‍െറ നിര്‍ദേശപ്രകാരം ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കെ. നെല്‍സന്‍െറ നേതൃത്വത്തില്‍ എക്സൈസ് സംഘവും എ.എസ്.പി മെറിന്‍ ജോസഫിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘവും അഞ്ച് ടീമുകളായി തിരിഞ്ഞ് അതിര്‍ത്തി മേഖലകളിലും അടിമാലി, കുമളി, ഉടുമ്പന്‍ചോല തുടങ്ങിയ ഭാഗങ്ങളിലും കമ്പംമെട്ട്, ബോഡിമെട്ട് ചെക്പോസ്റ്റുകളില്‍ ഡോഗ് സ്ക്വാഡും ചേര്‍ന്ന് വ്യാപക പരിശോധന നടത്തി. 594 വാഹനങ്ങള്‍, 60 പാന്‍കടകള്‍, നാല് മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ പരിശോധിച്ച് 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 133 പാക്കറ്റ് സിഗരറ്റ്, 2250 പാക്കറ്റ് ബീഡി, 2.6 കിലോ പുകയില, 55 പാക്കറ്റ് പുകയിലപ്പൊടി എന്നിവ പിടിച്ചെടുത്തു. കൂടാതെ എട്ട് ലിറ്റര്‍ മദ്യം പിടിച്ചെടുത്ത് മൂന്ന് അബ്കാരി കേസുകളും 25 ഗ്രാം കഞ്ചാവുമായി ഒരു കഞ്ചാവ് കേസും രജിസ്റ്റര്‍ ചെയ്തു. നാല് പ്രതികളെ അറസ്റ്റ് ചെയ്തു. കമ്പം പൊലീസ് കുമളി മുതല്‍ കമ്പം വരെയുള്ള സ്ഥലത്ത് പരിശോധന നടത്തി. തേനി എസ്.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തമിഴ്നാട്ടില്‍നിന്ന് ലഹരി ഉല്‍പന്നങ്ങള്‍ അടക്കമുള്ളവ കടത്തുന്നത് തടയാനായാണ് പരിശോധന ശക്തമാക്കിയത്. ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും അതിര്‍ത്തി മേഖലയില്‍ പരിശോധന ശക്തമാക്കുമെന്നും പൊലീസ്എക്സൈസ് അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങളിലും കര്‍ശന പരിശോധന നടത്തും. കമ്പംമെട്ട് ചെക്പോസ്റ്റിലും പരിസരപ്രദേശങ്ങളിലും നടന്ന സംയുക്ത പരിശോധനയില്‍ പൊതുസ്ഥലങ്ങളിലെ പുകവലി, നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന തുടങ്ങിയ എട്ടോളം കേസുകള്‍ എടുത്തു. പരിശോധന തുടര്‍ന്നും നടത്തുമെന്നും കര്‍ശന നടപടികര്‍ കൈക്കൊള്ളുമെന്നും ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കെ. നെല്‍സണ്‍ അറിയിച്ചു. കുമളി: എക്സൈസ്-പൊലീസ്-നാര്‍കോട്ടിക് വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. വ്യാപാരികള്‍ക്കെതിരെ കേസെടുത്തു. പീരുമേട് എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ വി.എ. സലിം, ഇന്‍സ്പെക്ടര്‍ അല്‍ഫോന്‍സ് ശെല്‍വരാജ്, കുമളി പൊലീസ് അഡീഷനല്‍ എസ്.ഐ അലി അക്ബര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം 176 വാഹനങ്ങളും 46 കടകളും പരിശോധിച്ചു. കുമളി ഒന്നാംമൈല്‍, റോസാപ്പൂക്കണ്ടം എന്നിവിടങ്ങളിലെ കടകളില്‍നിന്ന് 479 പാക്കറ്റ് ബീഡി, 18 പാക്കറ്റ് സിഗരറ്റ് എന്നിവ പിടിച്ചെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പുകയില ഉല്‍പന്നങ്ങള്‍ വിറ്റതിനും നിയമപരമായ മുന്നറിയിപ്പ് ബോര്‍ഡ് വെക്കാതെ വ്യാപാരം നടത്തിയതിനും 11 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. അളവില്‍ കൂടുതല്‍ മദ്യം കൈവശംവെച്ചതിന് വണ്ടിപ്പെരിയാറില്‍ രണ്ടുപേര്‍ക്കെതിരെ എക്സൈസ് കേസെടുത്തു. പൊതുസ്ഥലത്ത് മദ്യപിച്ചതിന് കുമളി പൊലീസ് പി. മുരുകേശന്‍, ചിന്നദുരൈ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.