മട്ടുപ്പാവ് കൃഷിയില്‍ മുട്ടം ബാങ്കിന് നൂറുമേനി

തൊടുപുഴ: മുട്ടം സഹകരണ ബാങ്ക്, ഫാര്‍മേഴ്സ് ക്ളബിന്‍െറ സഹകരണത്തോടെ ആരംഭിച്ച ജൈവ മട്ടുപ്പാവ് കൃഷിയില്‍ നൂറുമേനി. 3600 ചതുരശ്ര അടിയിലാണ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. ‘ജൈവ പച്ചക്കറി കൃഷി വ്യാപനം മുട്ടം പഞ്ചായത്തില്‍’ ആശയവുമായി ബന്ധപ്പെട്ടാണ് ഇത്. പദ്ധതിയിലെ വിജയം കണ്ട് അഞ്ചോളം സ്വകാര്യ വ്യക്തികള്‍ ടെറസ് കൃഷിക്ക് സന്നദ്ധത അറിയിച്ചു. വിത്ത് മുളപ്പിച്ച് ഗ്രോബാഗിലാക്കി മിതമായ നിരക്കില്‍ വിതരണം ചെയ്യുന്ന രീതിയാണ് ബാങ്ക് ആവിഷ്കരിച്ചത്. ആവശ്യക്കാര്‍ക്ക് ജൈവവളവും എല്ലുപൊടിയും മിതമായ നിരക്കില്‍ നല്‍കും. കൂടാതെ ഇവിടെനിന്ന് വിളവെടുക്കുന്ന പച്ചക്കറികള്‍ ജൈവ സ്റ്റാളുകള്‍ മുഖേന വിതരണം ചെയ്യും. ജൈവകൃഷി ചെയ്യുന്നവരുടെ ഉല്‍പന്നങ്ങളും സ്റ്റാളുകള്‍ മുഖേന വിറ്റ് നല്‍കുകയാണ് പദ്ധതി. ജൈവകൃഷി രീതിയില്‍ ഉല്‍പാദിപ്പിച്ച പയറ്, വഴുതന, തക്കാളി, വെണ്ട, ചീര, പച്ചമുളക് തുടങ്ങിയ 200 ചുവട് തൈകളാണ് നിലവില്‍ ടെറസില്‍ കൃഷിചെയ്യുന്നത്. ചാണകവും എല്ലുപൊടിയുമാണ് വളം. കടുത്ത വേനല്‍ ആയതിനാല്‍ രാവിലെയും വൈകീട്ടും കൃഷി നനച്ച് കൊടുക്കും. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് വിത്ത് വാങ്ങി മുളപ്പിച്ചാണ് കൃഷി. ബാങ്ക് കെട്ടിടത്തിന്‍െറ ടെറസില്‍ പോളിത്തീന്‍ ഷീറ്റ് മേഞ്ഞ് അതിന് കീഴിലായാണ് കൃഷി. വാര്‍ക്കയുടെ ചൂട് നേരിട്ടേല്‍ക്കാതിരിക്കാന്‍ ഓട് കഷ്ണം വാര്‍ക്കയില്‍ വെച്ചശേഷം അതിന് മുകളിലായാണ് ഗ്രോബാഗ് വെക്കുന്നത്. കുടുംബശ്രീ, പുരുഷ സംഘങ്ങള്‍, ഗ്രൂപ്പുകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് പച്ചക്കറി തൈകള്‍, വിത്തുകള്‍ സബ്സിഡി നിരക്കില്‍ നല്‍കി മുട്ടത്തെ സമ്പൂര്‍ണ ജൈവ പച്ചക്കറി ഗ്രാമമാക്കി മാറ്റുകയാണ് ബാങ്കിന്‍െറയും ഫാര്‍മേഴ്സ് ക്ളബിന്‍െറയും ലക്ഷ്യം. സ്ഥിരം വില്‍പന നടത്താനായി സ്റ്റാളുകള്‍ ആരംഭിക്കുമെന്നും ബാങ്ക് പ്രസിഡന്‍റ് അലക്സ് പ്ളാത്തോട്ടം പറഞ്ഞു. ഫെബ്രുവരി രണ്ടാംവാരം ആരംഭിച്ച ജൈവകൃഷിയുടെ ആദ്യ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് കുട്ടിയമ്മ മൈക്കിള്‍ നിര്‍വഹിച്ചു. 100 മീറ്റര്‍ സ്ക്വയര്‍ മഴമറ കൃഷി ചെയ്യാനായി 50,000 രൂപ സബ്സിഡിയായി കൃഷിവകുപ്പ് നല്‍കുന്നുണ്ടെന്ന് മുട്ടം കൃഷി വകുപ്പ് ഓഫിസര്‍ സി.എസ്. സജിത മോള്‍ അറിയിച്ചു. ഏകദേശം 80,000 രൂപയോളം മുടക്ക് വരുന്ന മഴമറ കൃഷിയില്‍, 50,000 രൂപ സബ്സിഡി ലഭിക്കും. കൂടാതെ പോളിഹൗസ് കൃഷി ചെയ്യുന്നവര്‍ക്കും ഗ്രൂപ്പുകള്‍ക്കും 75 ശതമാനം സബ്സിഡി ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.