കഞ്ഞിക്കുഴിയില്‍ പ്രചാരണം കൊഴുത്തു

ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തില്‍ മൂന്നു മുന്നണിയും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നു. കുടിയേറ്റ കര്‍ഷകരും ആദിവാസികളും തിങ്ങിപ്പാര്‍ക്കുന്ന കഞ്ഞിക്കുഴിയില്‍ 26,800 വോട്ടര്‍മാരാണുള്ളത്. പ്രധാന ടൗണുകളില്‍ മാത്രമല്ല മുക്കിലും മൂലയിലും യു.ഡി.എഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍െറയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്‍െറയും എന്‍.ഡി.എ സ്ഥാനാര്‍ഥി ബിജു മാധവന്‍െറയും ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും നിരന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന് കഞ്ഞിക്കുഴി പഞ്ചായത്തില്‍ മാത്രം 2,400 വോട്ടിന്‍െറ ഭൂരിപക്ഷം ലഭിച്ചതായി എല്‍.ഡി.എഫ് കണ്‍വീനര്‍ ജി. നാരായണന്‍ നായര്‍ അവകാശപ്പെടുന്നു. എം.പി ആദര്‍ശ ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുത്തിരിക്കുന്നതും കഞ്ഞിക്കുഴി പഞ്ചായത്തിനെയാണ്. ഇനിയും പട്ടയം ലഭിക്കാത്ത മേഖലകളും ആദിവാസി ഗ്രാമങ്ങളും ഇവിടെ നിരവധിയാണ്. യു.ഡി.എഫിന്‍െറ കോട്ടയായ ഇവിടെ പഞ്ചായത്ത് ഭരണം കാലങ്ങളായി യു.ഡി.എഫിനാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണിയെയും ഞെട്ടിച്ച് ബി.ജെ.പി സ്ഥാനാര്‍ഥി കഞ്ഞിക്കുഴി ടൗണ്‍ വാര്‍ഡ് പിടിച്ചെടുക്കുകയും ആദ്യമായി പഞ്ചായത്തില്‍ ഒരംഗം ഉണ്ടാകുകയും ചെയ്തു. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനം മാറി ചിന്തിച്ചു തുടങ്ങിയെന്നും യു.ഡി.എഫിന് മുന്‍തൂക്കമുള്ള പഞ്ചായത്തില്‍ റോഷി അഗസ്റ്റിന് നല്ല ഭൂരിപക്ഷം കിട്ടുമെന്നും കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് ജോസ് ഊരക്കാടന്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തില്‍ നിരവധി റോഡുകളും പാലങ്ങളും തീര്‍ത്തു. കൂടാതെ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്‍കൈയെടുത്ത് തന്‍െറ പേരിലുള്ള മഴുവടി ഉമ്മന്‍ ചാണ്ടി കോളനിയില്‍ പ്രത്യേക ഫണ്ടനുവദിക്കുകയും വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയുമാണ്. റോഷി അഗസ്റ്റിന്‍ പഞ്ചായത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് പ്രചാരണം. കഞ്ഞിക്കുഴിയില്‍ ഐ.ടി.ഐ അനുവദിച്ചതും ഒരു പ്രചാരണായുധമാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥി ബിജു മാധവന്‍ പ്രചാരണത്തില്‍ ഒട്ടും മോശമല്ല. എസ്.എന്‍.ഡി.പി നല്ല വേരാട്ടമുള്ള കഞ്ഞിക്കുഴി പഞ്ചായത്തില്‍ നിലവിലുള്ള വോട്ടര്‍മാരില്‍ 50 ശതമാനത്തോളം പേര്‍ എസ്.എന്‍.ഡി.പി ശാഖയില്‍പെട്ടവരാണെന്ന് എന്‍.ഡി.എ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട ക്ഷേത്രങ്ങളും പള്ളികളുമൊക്കെ ഇവര്‍ കയറിക്കഴിഞ്ഞു. പഞ്ചായത്തില്‍ ഒരു ത്രികോണ മത്സരത്തിന്‍െറ ചൂടാണുള്ളത്. കഴിഞ്ഞ കുറേകാലങ്ങളായി ഇരുമുന്നണിയും അവകാശവാദമുന്നയിക്കുന്ന വോട്ടുകളില്‍ നല്ളൊരു ശതമാനം എന്‍.ഡി.എ പിടിക്കുമെന്ന് കണ്‍വീനര്‍ സുരേഷ് അവകാശപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.