കാരണം ആസൂത്രണമില്ലാത്ത ജലവിനിയോഗമെന്ന് റിസര്‍ച് വിഭാഗം

ചെറുതോണി (ഇടുക്കി): ഇടുക്കി ഡാമിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. ബുധനാഴ്ചയിലെ ജലനിരപ്പ് 2328.06 അടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 2350.12 അടിയായിരുന്നു. ചൊവ്വാഴ്ചയിലെ ജലനിരപ്പ് 2329.10 അടിയായായിരുന്നു. നിലവില്‍ ഡാമിലെ വെള്ളം സംഭരണ ശേഷിയുടെ 29.01 ശതമാനമാണ്. ചൊവ്വാഴ്ച ഇത് 29 ശതമാനമായിരുന്നു. മൂലമറ്റത്തെ കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിലയത്തില്‍ ബുധനാഴ്ച 9.055 മില്യണ്‍ യൂനിറ്റ് വൈദ്യുതിയാണ് ഉല്‍പാദിപ്പിച്ചത്. തിങ്കളാഴ്ചയിലെ ഉല്‍പാദനം 8.33 മില്യണ്‍ യൂനിറ്റാണ്. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി ഡാമിന്‍െറ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴ ലഭിക്കാത്തത് പൊതുവെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ജലവൈദ്യുതി പദ്ധതികളിലും ജലനിരപ്പ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ ജലനിരപ്പില്‍ കാര്യമായ വര്‍ധന ഉണ്ടാക്കിയിട്ടില്ല. ഇടുക്കി അണക്കെട്ടിലെ ആസൂത്രണമില്ലാത്ത ജലവിനിയോഗമാണ് ജലനിരപ്പ് കുത്തനെ കുറയാന്‍ കാരണമെന്ന് റിസര്‍ച് വിഭാഗം ചൂണ്ടിക്കാണിക്കുന്നു. മുമ്പ് മുല്ലപ്പെരിയാര്‍ പ്രശ്നം കത്തിനിന്ന വേളയില്‍ വേനല്‍ക്കാലത്ത് ഇടുക്കിയില്‍ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടി വന്നിരുന്നു. പിന്നീട് ഇതാദ്യമായാണ് ജലനിരപ്പ് ഇത്രയധികം താഴുന്നത്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കുത്തനെ ഉയരുകയാണ്. അത് നേരിടുന്ന നടപടികള്‍ക്ക് ആവശ്യമായ ജലം ലഭ്യമല്ലാത്ത സ്ഥിതി വിശേഷം തുടരുന്നതില്‍ വൈദ്യുതി ബോര്‍ഡിന് ഉത്കണ്ഠയുണ്ട്. വര്‍ഷകാലത്ത് സാധാരണ ഇടുക്കി ജില്ലയിലെ ഡാമുകളെല്ലാം തന്നെ നിറഞ്ഞുകവിഞ്ഞൊഴുകുകയാണ് പതിവ്. എന്നാല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴയുടെ അളവ് കൂടിയും കുറഞ്ഞുമാണ് കാണിക്കുന്നത്. ഇടുക്കി അണക്കെട്ടില്‍ പരമാവധി സംഭരിക്കാവുന്ന വെള്ളം 70500 ദശലക്ഷം ഘന അടിയാണ്. വൈദ്യുതി കൂടുതല്‍ ഉല്‍പാദിപ്പിക്കേണ്ടി വന്നാല്‍ അത് കേരളത്തെ കടുത്ത ഊര്‍ജ പ്രതിസന്ധിയിലേക്ക് തള്ളി വിടും. പുറത്തുനിന്ന് വൈദ്യുതി വില കൊടുത്ത് വാങ്ങേണ്ടിവരുന്നത് കോടികളുടെ അധികബാധ്യത സൃഷ്ടിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പന്നിയാര്‍, മൂഴിയാര്‍ ദുരന്ത വേളകളില്‍ ഇടുക്കി പൈനാവിലെ വെള്ളാപ്പാറ മുതല്‍ അയ്യപ്പന്‍കോവില്‍വരെ 60 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഇടുക്കി ജലസംഭരണിയിലെ വെള്ളമാണ് സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.