ദേശീയപാതക്ക് നടുവില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി വൈദ്യുതി കാലുകള്‍

അടിമാലി: ദേശീയപാതക്ക് നടുവില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി വൈദ്യുതി കാലുകള്‍. കൊച്ചി-മധുര ദേശീയപാതയില്‍ കല്ലാര്‍ മുതല്‍ കരടിപ്പാറവരെയുള്ള ഭാഗത്ത് റോഡിന് മധ്യത്തില്‍ നില്‍ക്കുന്ന വൈദ്യുതി കാലുകളാണ് യാത്രക്കാര്‍ക്ക് ഭീഷണിയായത്. 15ലധികം കോണ്‍ക്രീറ്റ് കാലുകളാണ് വിവിധ ഭാഗങ്ങളിലായി റോഡിന് മധ്യത്തിലായി നില്‍ക്കുന്നത്. ദേശീയപാത വികസനത്തിന്‍െറ ഭാഗമായി റോഡിന് വീതി കൂട്ടിയപ്പോഴാണ് അരികില്‍ നിന്നിരുന്ന കാലുകള്‍ മധ്യഭാഗത്തായത്. ഇത് വന്‍ അപകടത്തിന് കാരണമാകുമെന്ന് അറിഞ്ഞിട്ടും നടപടി വൈകുകയാണ്. കാലുകള്‍ മറിയാതെ വലിച്ചു കെട്ടിയിരുന്ന കമ്പിയും ഇപ്പോള്‍ റോഡിന് നടുവിലാണ്. ഈ കമ്പി അകലെനിന്ന് ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയില്ല. റോഡ് നിര്‍മാണം ആരംഭിച്ച ഘട്ടത്തില്‍ തന്നെ നാട്ടുകാര്‍ കാലുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിരുന്നതാണ്. റോഡ് വീതികൂട്ടലും ടാറിങ്ങും കഴിഞ്ഞിട്ട് ഒരുമാസമായെങ്കിലും വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിക്കാന്‍ ദേശീയപാത അധികൃതരോ വൈദ്യുതി വകുപ്പോ തയാറായിട്ടില്ല. അശാസ്ത്രീയ നിര്‍മാണമാണ് വൈദ്യുതി കാലുകള്‍ റോഡിന് നടുവില്‍ വരാന്‍ കാരണം. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ഒരാഴ്ചക്കിടെ ദേശീയപാതയില്‍ 30ഓളം അപകടങ്ങളാണ് ഉണ്ടായത്. അശാസ്ത്രീയ നിര്‍മാണംമൂലം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.