അതിര്‍ത്തി കടന്ന് ഇടുക്കിയിലേക്ക് ഹഷീഷും കഞ്ചാവും ഒഴുകുന്നു

തൊടുപുഴ: അധികൃതരുടെ കണ്ണുവെട്ടിച്ച് അതിര്‍ത്തികടന്ന് കഞ്ചാവും ഹഷീഷും ഒഴുകുന്നു. കോടിക്കണക്കിന് രൂപയുടെ കഞ്ചാവ് അതിര്‍ത്തി കടന്നത്തെുന്നതിനിടെയാണ് ചൊവ്വാഴ്ച 11 കോടി വിലവരുന്ന ഹഷീഷും ഇടുക്കിയില്‍ പിടികൂടുന്നത്. കുമളി ചെക്പോസ്റ്റ് വഴിയാണ് ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് എത്തുന്നത്. 25 കിലോ കഞ്ചാവ് വാറ്റുമ്പോഴാണ് ഒരുകിലോ ഹഷീഷ് ലഭിക്കുന്നത്. സംസ്ഥാനത്ത് പിടികൂടുന്ന കഞ്ചാവുകള്‍ മുഴുവന്‍ ആന്ധ്ര, ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ളതാണ്. കുത്തക വില്‍പനക്കാര്‍ ഇടുക്കിയില്‍ എത്തിച്ച് ഇടുക്കി കഞ്ചാവ് എന്ന പേരില്‍ ഇവ വിറ്റഴിക്കുകയാണ് ചെയ്യുന്നത്. ഒരുകിലോ കഞ്ചാവിന് 10,000 മുതല്‍ 15,000 രൂപ വരെ വിലയുണ്ട്. ഒരു പൊതി ‘ഇടുക്കി ഗോള്‍ഡ്’ എന്നറിയപ്പെടുന്ന കഞ്ചാവിന് 200 രൂപവരെ വിലയുണ്ട്. ഇടുക്കിയില്‍ കഞ്ചാവ് കൃഷി പൂര്‍ണതോതില്‍ ഇല്ലായ്മ ചെയ്തെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞവര്‍ഷം എക്സൈസ് വകുപ്പ് ഇത് സംബന്ധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം, ഇടുക്കിയില്‍ കഞ്ചാവ് കൃഷി ചെയ്തിരുന്ന ഈ രംഗത്തെ പ്രമുഖര്‍ ഇതര സംസ്ഥാനങ്ങളില്‍ കൃഷി നടത്തുന്നുണ്ടെന്നാണ് അന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരം. വില്‍പനരംഗത്ത് മലയാളികള്‍ മാത്രല്ല ഇതര സംസ്ഥാനക്കാരുമുണ്ടെന്നറിയുന്നു. ഇടുക്കിയും കൊച്ചിയും കഞ്ചാവ് മാഫിയകളുടെ ഇടത്താവളമാണെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. വിപണനസാധ്യതയും വിദേശത്തേക്ക് കയറ്റിയയക്കാനുള്ള സാധ്യതയുമാണ് ഇതിനുപിന്നില്‍. ഒരുകാലത്ത് ഇടുക്കിയില്‍നിന്ന് പുറത്തേക്കൊഴുകിയിരുന്ന കഞ്ചാവ് ഇപ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവന്ന് ഇടുക്കി ലേബലില്‍ പുറത്തേക്ക് അയക്കുകയാണ്. ഒരുവര്‍ഷം മുമ്പ് ആറുകോടിയുടെ ഹഷീഷ് ഇടുക്കിയില്‍നിന്ന് പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങളിലൊന്നും തുടരന്വേഷണം ഉദ്യോഗസ്ഥര്‍ നടത്തുന്നില്ല. തൊണ്ടിമുതല്‍ ഹാജരാക്കി ഉദ്യോഗസ്ഥര്‍ തടിതപ്പും. ഇത്തരം പിടികിട്ടാപ്പുള്ളികളുടെ പേരില്‍ നൂറുകണക്കിന് ഫയലുകളാണ് വിവിധ എക്സൈസ്, നര്‍ക്കോട്ടിക് ഓഫിസുകളില്‍ കെട്ടിക്കിടക്കുന്നത്. ഫയല്‍ കിട്ടാത്തതുമൂലം കോടതിക്കുള്ളില്‍ നിരവധി കഞ്ചാവ് കേസുകള്‍ തീര്‍പ്പാകാതെയും കിടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.