13 കുടുംബങ്ങളുടെ പുനരധിവാസം യാഥാര്‍ഥ്യമായില്ല

മുട്ടം: മലങ്കര ഡാമിന്‍െറ നിര്‍മാണവുമായി ബന്ധപ്പെട്ട് നാല് പതിറ്റാണ്ട് മുമ്പ് പരിസരത്ത് കുടില്‍കെട്ടി താമസിച്ചവരുടെ പുനരധിവാസം യാഥാര്‍ഥ്യമായില്ല. ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി നാളുകളായിട്ടും അധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. മലങ്കര ഡാമിന്‍െറ കരയില്‍ അനധികൃതമായി താമസിക്കുന്ന ഭൂരഹിതരായ 13 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, തുടര്‍നടപടി കൈക്കൊണ്ടിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പേ സ്ഥലം അളന്നുതിരിച്ച് സ്കെച്ചും പ്ളാനും തയാറാക്കിയതാണ്. ഇവര്‍ക്ക് അനുവദിച്ച സ്ഥലത്തിന് പട്ടയം നല്‍കുകയാണ് അടുത്തതായി ചെയ്യാനുള്ളത്. എന്നാല്‍, അതിനുവേണ്ട നടപടി വില്ളേജ് അധികാരികള്‍ കൈക്കൊണ്ടിട്ടില്ല. പുനരധിവാസവുമായി ബന്ധപ്പെട്ട് താലൂക്കില്‍ അന്വേഷിക്കുമ്പോള്‍ വില്ളേജിലാണ് ഫയലെന്നും വില്ളേജില്‍ അന്വേഷിച്ചാല്‍ താലൂക്കിലാണെന്നും പറഞ്ഞ് അന്വേഷകരെ വട്ടം കറക്കുകയാണത്രെ. ഇപ്പോള്‍ ഇവര്‍ ഡാമിന് സമീപത്ത് പുറംപോക്കില്‍ കുടില്‍കെട്ടി താമസിക്കുകയാണ്. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. മലങ്കര ഡാമിന്‍െറ നിര്‍മാണത്തിന് വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിയവരാണ് ഇവര്‍. ഡാം സൈറ്റില്‍ അഞ്ചുരൂപയായിരുന്നു അന്ന് കൂലി. ഡാം സൈറ്റിന് പുറത്ത് ഒമ്പതുരൂപ കൂലിയുണ്ടായിരുന്നപ്പോള്‍ കുറഞ്ഞകൂലിക്ക് പണിയെടുക്കാന്‍ തൊഴിലാളികള്‍ വിസമ്മതിച്ചിരുന്നു. അന്ന് അവിടെ ജോലി ചെയ്യുന്നവര്‍ക്ക് വീടുവെക്കാന്‍ സൗജന്യ ഭൂമി നല്‍കാമെന്ന ഉറപ്പില്‍ ഇവര്‍ ഡാമിന് സമീപം കുടില്‍കെട്ടി താമസിക്കുകയായിരുന്നു. പിന്നീട് മാറിവന്ന സര്‍ക്കാറുകള്‍ സ്ഥലം വാഗ്ദാനം ചെയ്തതോടെ കുറഞ്ഞകൂലിക്കും ഡാം നിര്‍മാണത്തിലും അനുബന്ധ ജോലികളിലും തുടരുകയായിരുന്നു. പട്ടയ നടപടി അടിയന്തരമായി നടപ്പാക്കാത്തപക്ഷം വില്ളേജ് ഓഫിസ് ഉപരോധമടക്കം സംഘടിപ്പിക്കുമെന്ന് കുടില്‍കെട്ടി താമസിക്കുന്ന ലോറന്‍സ് മാത്യു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.