അടിമാലി: മലയോരത്തെ പുഴകളുടെയും തോടുകളുടെയും റോഡുകളുടെയും അതിരുകള്‍ നിര്‍ണയിക്കാത്തതിനാല്‍ കൈയേറ്റവും അനധികൃത നിര്‍മാണവും വ്യാപകമായി. ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലാണ് പുറമ്പോക്ക് ഭൂമി കൈയേറി വന്‍തോതില്‍ നിര്‍മാണം. റവന്യൂ, പൊതുമരാമത്ത്, ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് അനധികൃതപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ ഈ താലൂക്കുകളില്‍ 184 അനധികൃത നിര്‍മാണമാണ് നടന്നത്. ദേവികുളം താലൂക്കിലാണ് ഏറ്റവും കൂടുതല്‍ അനധികൃത നിര്‍മാണം. പല നിര്‍മാണത്തിനും സ്റ്റോപ് മെമ്മോ റവന്യൂ വകുപ്പ് നല്‍കിയെങ്കിലും പിന്നീട് വന്‍തുക കോഴവാങ്ങി കൈയേറ്റ ഭൂമിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അവസരവും റവന്യൂ വകുപ്പ് ഒരുക്കി നല്‍കി. തഹസില്‍ദാര്‍ ഉള്‍പ്പെടെ നേരിട്ടത്തെി സ്റ്റോപ് മെമ്മോ നല്‍കിയതില്‍പോലും നിര്‍മാണം പൂര്‍ത്തിയാക്കി. പഴയ ഒറ്റമുറി പീടികയുടെ പേരിലാണ് ബഹുനില മന്ദിരങ്ങള്‍ മാഫിയ പുറമ്പോക്ക് ഭൂമിയില്‍ നിര്‍മിച്ചത്. ഇത്തരം കെട്ടിടങ്ങള്‍ക്ക് വൈദ്യുതി നല്‍കണമെങ്കില്‍ കരമടച്ച രസീതുകള്‍ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, വൈദ്യുതി വകുപ്പ്, റവന്യൂ, പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്തുചേരുമ്പോള്‍ അനധികൃത നിര്‍മാണങ്ങളെല്ലാം ഒറിജിനലായി മാറുന്നു. ദേവികുളം താലൂക്കില്‍ മന്നാങ്കണ്ടം വില്ളേജിലും കെ.ഡി.എച്ച് വില്ളേജിലുമാണ് പുഴ പുറമ്പോക്കുകള്‍ വ്യാപകമായി കൈയേറി ബഹുനില മന്ദിരങ്ങള്‍ ഉയര്‍ന്നത്. പള്ളിവാസല്‍, ആനവിരട്ടി, മറയൂര്‍ വില്ളേജുകളില്‍ റോഡ് പുറമ്പോക്കുകളും വ്യാപകമായി കൈയേറിയിട്ടുണ്ട്. ഉടുമ്പന്‍ചോല, ഇടുക്കി വില്ളേജുകളില്‍ മുതിരപ്പുഴയാര്‍, പെരിയാര്‍, ചിന്നാര്‍ പുഴകള്‍ കൈയേറിയാണ് കൂടുതലും നിര്‍മാണം. പുഴകള്‍ മണ്ണിട്ടു നികത്തിയും കല്‍ഭിത്തി കെട്ടിത്തിരിച്ചും ഓരോ വര്‍ഷവും പുഴകളും തോടുകളും ശുഷ്കിക്കുകയാണ്. പുഴയോരത്തെയും തുരുത്തുകളിലെയും കാട്ടുമരങ്ങളും മുളങ്കാടുകളും കോടാലിക്കിരയായതോടെ വേനല്‍ ആരംഭിക്കുമ്പോള്‍തന്നെ നീരൊഴുക്ക് നിലക്കും. ഒഴുക്കില്ലാതെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍നിന്ന് വൈദ്യുതി പമ്പുകള്‍ ഉപയോഗിച്ച് വെള്ളം അടിക്കുന്നതും തോട്ട പൊട്ടിച്ചും നഞ്ചുകലക്കിയും മീന്‍ പിടിക്കുന്നതും പുഴ നശീകരണത്തിന് കാരണമാകുന്നു. പുഴ കൈയേറ്റത്തെക്കുറിച്ചും അനധികൃത മരംമുറിയെക്കുറിച്ചും പരിസ്ഥിതി പ്രവര്‍ത്തകര്‍ പഞ്ചായത്ത്, വില്ളേജ് ഓഫിസുകളില്‍ പരാതികള്‍ നല്‍കുന്നുണ്ടെങ്കിലും അന്വേഷണംപോലും നടക്കുന്നില്ല. അന്വേഷണം നടത്തിയാല്‍തന്നെ രാഷ്ട്രീയ ഇടപെടല്‍ മൂലം മരവിപ്പിക്കും. ജനപ്രതിനിധികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും കണ്‍വെട്ടത്ത് നടക്കുന്ന കൈയേറ്റംപോലും കണ്ടില്ളെന്ന് നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.