കട്ടപ്പന: പീരുമേട് ടീ കമ്പനിയില്‍ പരസ്പരം പോരടിച്ച് നിന്നിരുന്ന തൊഴിലാളി യൂനിയനുകള്‍ ഒരുമിച്ച് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു. തോട്ടം തൊഴിലാളികളുടെ മിനിമം കൂലി 500 രൂപയാക്കുന്നത് സംബന്ധിച്ച് പി.എല്‍.സി യോഗത്തില്‍ ധാരണയാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളിലും തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിന്‍െറ ഭാഗമായാണ് പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികളും പണിമുടക്കുന്നത്. മൂന്നാര്‍ സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് തൊഴിലാളി ട്രേഡ് യൂനിയനുകള്‍ തമ്മില്‍ ഉരുത്തിരിഞ്ഞ ഐക്യത്തിന്‍െറ ഭാഗമായാണ് പീരുമേട് ടീ കമ്പനിയിലും ട്രേഡ് യൂനിയനുകള്‍ ഒരുമിച്ച് സമരത്തിനിറങ്ങുന്നത്. തോട്ടം തുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇവിടെ ട്രേഡ് യൂനിയനുകള്‍ പരസ്പരം പോരടിച്ചാണ് കഴിഞ്ഞിരുന്നത്. ‘കലഹിച്ചിരുന്നവര്‍ സമരത്തിന് ഒരുമിക്കുമ്പോള്‍’ സംസ്ഥാനത്തെ ട്രേഡ് യൂനിയന്‍ ചരിത്രത്തില്‍ തന്നെ അത് വേറിട്ട ഒരു അധ്യായമായിരിക്കുകയാണ്. ഈ ഐക്യത്തിന് മൂന്നാറിലെ പെമ്പിളൈ ഒരുമൈയോടാണ് തൊഴിലാളികള്‍ നന്ദി പറയുന്നത്. 13 വര്‍ഷമായി അടഞ്ഞുകിടന്ന പീരുമേട് ടീ കമ്പനി തോട്ടം തുറക്കുന്നതിന് ഉണ്ടാക്കിയ കരാറില്‍ മറ്റ് യൂനിയനുകളെല്ലാം ഒപ്പുവെച്ചെങ്കിലും സി.ഐ.ടി.യു നേതൃത്വം നല്‍കുന്ന ഹില്‍റേഞ്ച് എസ്റ്റേറ്റ് എംപ്ളോയീസ് അസോസിയേഷന്‍ (എച്ച്.ഇ.ഇ.എ) മാത്രം ഒപ്പുവെച്ചിരുന്നില്ല. കരാര്‍ തൊഴിലാളി വിരുദ്ധമാണെന്നാണ് ആരോപിച്ച് തോട്ടം തുറന്ന അന്നു മുതല്‍ അവര്‍ സമരം ആരംഭിക്കുകയും ചെയ്തിരുന്നു. സി.ഐ.ടി.യു തൊഴിലാളികള്‍ മുമ്പ് കൈവശം വെച്ചിരുന്ന തേയില ഫ്ളോട്ടുകള്‍ മാനേജ്മെന്‍റിന് വിട്ടുകൊടുക്കാതെ കൈവശം വെക്കുകയും കൊളുന്ത് നുള്ളി വില്‍ക്കുകയും ചെയ്തിരുന്നു. ഇത് മറ്റ് യൂനിയനുകളും മാനേജ്മെന്‍റും ഒരുവശത്തും സി.ഐ.ടി.യു എതിര്‍ഭാഗത്തുമായി പരസ്പരം പോരടിക്കുകയും പലപ്പോഴും സംഘര്‍ഷത്തിന് കാരണമായിരുന്നു. സംഘര്‍ഷം സംഘട്ടനത്തില്‍ കലാശിച്ച ഒരിക്കല്‍ കട്ടപ്പന ഡിവൈ.എസ്.പി, എസ്.ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും പൊലീസ് വാഹനം അടിച്ചുതകര്‍ക്കുന്നതിലേക്കും എത്തി. കഴിഞ്ഞ ഒരാഴ്ച മുമ്പ് വരെ ഇരുചേരിയിലുമായിരുന്നവരാണ് മൂന്നാറിലെ ‘പെമ്പിളൈ ഒരുമൈ’ സമരത്തെതുടര്‍ന്ന് ഒരുമിക്കുന്നത്. സമരം ചെയ്യരുതെന്ന തൊഴില്‍മന്ത്രിയുടെ അഭ്യര്‍ഥന നിരസിച്ച് ആര്‍.എസ്.പി രാഷ്ട്രീയ നേതൃത്വം നല്‍കുന്ന രണ്ടു യൂനിയനും പീരുമേട് ടീ കമ്പനിയില്‍ 28 മുതല്‍ പണിമുടക്കും. എന്നാല്‍, ഐക്യ ട്രേഡ് യൂനിയന്‍ ആഹ്വാനം തള്ളി ബി.എം.എസ് ഒറ്റക്ക് പണിമുടക്കി സമരം ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.