പൊലീസിനുനേരെ കുരുമുളക് സ്പ്രേ പ്രയോഗം: പ്രതി പിടിയില്‍

തൊടുപുഴ: കഞ്ചാവ് പിടിക്കാനത്തെിയ പൊലീസുകാര്‍ക്കെതിരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച പ്രതിയെ തൊടുപുഴ പൊലീസ് പിടികൂടി. മടക്കത്താനം കിഴക്കേമഠത്തില്‍ റാഷിദിനെയാണ് (32) ചൊവ്വാഴ്ച രാത്രി വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 20 നാണ് സംഭവം. രാത്രി 10.30ന് തൊടുപുഴ പഴുക്കാകുളം കനാല്‍ഭാഗത്താണ് പ്രതി പൊലീസിനെ ആക്രമിച്ചത്. തൊടുപുഴ സ്റ്റേഷനിലെ എസ്.ഐ ടി.ആര്‍ രാജന്‍, അരുണ്‍ എന്നിവരുടെ കണ്ണിലേക്കാണ് സ്പ്രേ അടിച്ചത്. ഇവിടെ വന്‍തോതില്‍ കഞ്ചാവു വിതരണം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കുറെക്കാലമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. കനാലിനു സമീപം കഞ്ചാവു കച്ചവടം നടത്തുന്ന പ്രതിയെ പിടിക്കാന്‍ എത്തിയതാണ് പൊലീസ്. ഇവര്‍ അടുത്തത്തെിയ ഉടനെ കണ്ണിലേക്കും ശരീരത്തിലേക്കും കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. പൊലീസുകാരെ തൊടുപുഴ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.