അടിമാലി: പൊതുവിതരണ രംഗത്ത് നിത്യോപയോഗ വസ്തുക്കള്‍ക്ക് ക്ഷാമം നേരിട്ടതോടെ വിപണിയില്‍ വില കുതിച്ചുയരുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഒരാഴ്ചക്കിടെ പത്തുമുതല്‍ 15 ശതമാനം വരെ വില വര്‍ധിച്ചു. വിലയുയരുമ്പോള്‍ ജില്ലയിലെ മാവേലി സ്റ്റോറുകളിലും കണ്‍സ്യൂമര്‍ ഫെഡിന് കീഴിലുള്ള ത്രിവേണി നന്മ സ്റ്റോറുകളിലും നിത്യോപയോഗ സാധനങ്ങളില്ലാത്തത് സാധാരണക്കാരെ ദുരിതത്തിലാക്കി. മാവേലി സ്റ്റോറുകളില്‍ ഉപഭോക്താക്കളുടെ നീണ്ടനിരയാണ്. പൊതു വിപണിയില്‍ വില കുതിച്ചുയരുന്ന വന്‍പയര്‍, ഉഴുന്നുപരിപ്പ്, തുവര, ചെറുപയര്‍, കടല തുടങ്ങിയ സാധനങ്ങളാണ് കിട്ടാനില്ലാത്തത്. മുളക്, മല്ലി തുടങ്ങിയവ മാത്രമാണ് മാവേലി സ്റ്റോറില്‍നിന്ന് ലഭിക്കുന്നത്. പഞ്ചസാരക്ക് പൊതുവിപണിയെ അപേക്ഷിച്ച് നേരിയ വിലവ്യത്യാസം മാത്രമാണ് മാവേലി സ്റ്റോറിലുള്ളത്. ബഹുരാഷ്ട്ര കുത്തകകളുടെ ഉല്‍പന്നങ്ങള്‍ മാത്രമാണ് മാവേലി സ്റ്റോറില്‍ ലഭിക്കുന്നത്. സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ ഉയര്‍ന്ന വിലയുള്ള അഞ്ചുകിലോ അരി നിര്‍ബന്ധമായും വാങ്ങിക്കേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കള്‍. കുത്തക കമ്പനികളുടെ ആട്ടപ്പൊടിയും ഉപഭോക്താക്കളുടെ മേല്‍ നിര്‍ബന്ധമായും വാങ്ങാന്‍ അടിച്ചേല്‍പിക്കുന്നുണ്ട്. സഹകരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന പകുതിയിലേറെ നന്മസ്റ്റോറുകളും അടച്ചുപൂട്ടിക്കഴിഞ്ഞു. കണ്‍സ്യൂമര്‍ ഫെഡില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഓണത്തിനുപോലും സ്റ്റോറുകള്‍ തുറന്നിരുന്നില്ല. മലയോര മേഖലയിലടക്കം സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച തുറന്ന സ്റ്റോറുകളാണ് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ പൂട്ടിയത്. ചില സ്ഥാപനങ്ങള്‍ പൊതുവിപണിയില്‍നിന്ന് സാധനങ്ങള്‍ എടുത്തുവില്‍ക്കുകയാണ്. കാര്യമായി വിലവ്യത്യാസം ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ഇത്തരം സ്റ്റോറുകളെ കൈയൊഴിഞ്ഞു. ആകെ പ്രതീക്ഷ ഉണ്ടായിരുന്ന മാവേലി സ്റ്റോറുകള്‍ കാലിയായതിനാല്‍ പൊതുവിപണിയില്‍നിന്ന് വിലകൂടിയ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങേണ്ട സ്ഥിതിയിലാണ് ജനങ്ങള്‍. ഒരുമാസം മുമ്പ് 80 രൂപ വിലയുണ്ടായിരുന്ന തുവരപ്പരിപ്പിന് വിപണിയില്‍ 140 രൂപ മുതല്‍ 160 രൂപവരെയാണ് വില. വില വര്‍ധിച്ചതിനുശേഷം മാവേലി സ്റ്റോറുകളില്‍ പരിപ്പ് ലഭിക്കാത്ത സ്ഥിതിയാണ്. ഉഴുന്നുപരിപ്പിന് 120 രൂപ മുതല്‍ 130 രൂപവരെയാണ് വില. കഴിഞ്ഞ മാസം ഈ സമയത്ത് 80 രൂപയായിരുന്നു വില. ചെറുപയറിന് 110 രൂപ മുതല്‍ 120 രൂപവരെയായി വില വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 80 രൂപയായിരുന്നു വില. തുവരക്ക് 120 രൂപയാണ് വില. കഴിഞ്ഞവര്‍ഷം 80 രൂപയായിരുന്നു. ഉത്തരേന്ത്യയില്‍ ഉത്സവ സീസണ്‍ അടുക്കുന്നതോടെ വില ഇനിയും കൂടാന്‍ സാധ്യതയുണ്ട്. വിപണിയില്‍ അരിവില ദിവസംതോറും ഉയരുന്നുണ്ട്. വെളിച്ചെണ്ണ വിലയും വര്‍ധിക്കുകയാണ്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന റബര്‍, ഏലം, കുരുമുളക്, ജാതി, കൊക്കൊ തുടങ്ങിയ നാണ്യവിളകളും ഏത്തവാഴയും വിലയിടിവിനെ നേരിടുമ്പോഴാണ് നിത്യോപയോഗ സാധനവില ദിനംപ്രതി വര്‍ധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.