ജില്ലയില്‍ ഹെറിറ്റേജ് ടൂറിസത്തിന് പദ്ധതി

തൊടുപുഴ: ജില്ലയിലെ പൈതൃക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ കണ്ടത്തൊനും ഇവ സംരക്ഷിച്ച് ജില്ലയിലെ ടൂറിസം ആകര്‍ഷണീയതക്ക് മാറ്റുകൂട്ടാനും ഡി.ടി.പി.സിയും കിറ്റ്സും പദ്ധതി തയാറാകുന്നു. ഇതിന്‍െറ ഭാഗമായി മറയൂര്‍, ചിന്നാര്‍, ആലംപെട്ടി, കരിമുട്ടി എന്നിവിടങ്ങളിലെ പൈതൃക പ്രാധാന്യമുള്ള സ്ഥലം ഉന്നതതല സംഘം സന്ദര്‍ശിച്ച് പഠനം നടത്തി. ഇന്ത്യന്‍ ട്രസ്റ്റ് ഫോര്‍ റൂറല്‍ ഹെറിറ്റേജ് ആന്‍ഡ് ഡെവല്പമെന്‍റ് ചെയര്‍മാനും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എസ്.കെ. മിശ്ര, പൈതൃക സംരക്ഷണ വിദഗ്ധന്‍ ബെന്നി കുര്യന്‍, കിറ്റ്സ് കൊച്ചി സെന്‍റര്‍ ഇന്‍ചാര്‍ജ് ജിമ്മി കുര്യന്‍, അസി. പ്രഫസര്‍ ആര്‍. ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചത്. ചരിത്രമുറങ്ങുന്ന ആറായിരത്തിലധികം മുനിയറകളും നിരവധി ശിലാലിഖിതങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും ജില്ലയില്‍ സംരക്ഷിക്കപ്പെടാതെ നശിക്കുകയാണ്. പുരാവസ്തു വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ ഇടുക്കിയില്‍ ഗവേഷക സംഘം സര്‍വേ നടത്തി രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സ്മാരകങ്ങളുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനകം ആരംഭിക്കുമെന്ന് പുരാവസ്തു ഡയറക്ടര്‍ ഉറപ്പ് പറഞ്ഞെങ്കിലും തുടര്‍നടപടിയുണ്ടായിരുന്നില്ല. ഇതിനിടയാണ് ഇവ സംരക്ഷിച്ച് ജില്ലയിലെ ടൂറിസം രംഗത്തിന് കൂടി പ്രയോജനമുള്ളതാക്കാന്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. മുസ്രിസ് മാതൃകയില്‍ ഖനനം നടത്തുന്നതുള്‍പ്പെടെ വിപുലമായ ഗവേഷണ സാധ്യതകള്‍ ഇടുക്കിയിലുണ്ട്. വനത്തിലും കൃഷിയിടങ്ങളിലും സ്ഥിതിചെയ്യുന്ന ഇവയെല്ലാം സംരക്ഷിക്കുന്നതിന് ആര്‍ക്കിയോളജി, വനം, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണം വേണ്ടതുണ്ട്. പുണെയിലെ ഡക്കാന്‍ കോളജ്, ആലുവ യു.സി കോളജ്, ഹില്‍പാലസ് സെന്‍റര്‍ ഫോര്‍ ഫെറിസ്റ്റേജ് സ്റ്റഡീസ്, കേരള സര്‍വകലാശാല പുരാവസ്തു വകുപ്പ്, എം.ജി സര്‍വകലാശാല സാമൂഹിക ശാസ്ത്ര വകുപ്പ് എന്നിവിടങ്ങളിലെ ഗവേഷകരും വിദ്യാര്‍ഥികളുമായിരുന്നു സര്‍വേയില്‍ പങ്കെടുത്തിരുന്നത്. കെ.ആര്‍. ശൈലേന്ദ്രനാഥ് ആയിരുന്നു കോ ഓഡിനേറ്റര്‍. ആദ്യഘട്ടത്തില്‍ പ്രാധാന്യമുള്ള സ്മാരകങ്ങള്‍ കണ്ടത്തെി റിപ്പോര്‍ട്ട് തയാറാക്കിയത് മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലായിരുന്നു. മഹാശിലായുഗത്തില്‍ മരിച്ചവരെ സംസ്കരിക്കുന്ന കുഴിമാടത്തിന് മുകളില്‍ സ്ഥാപിച്ചിരുന്നതാണ് മുനിയറകള്‍. ഇവതന്നെ ആറിനമുണ്ട് ജില്ലയില്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുനിയറകളും നന്നങ്ങാടികളും ഇടുക്കിയിലാണെന്ന് സര്‍വേയില്‍ കണ്ടത്തെിയിരുന്നു. കാന്തല്ലൂരില്‍ ആദിവാസി ക്ഷേത്രമായ മാമ്മന്‍കോവില്‍, പാമ്പാറിന്‍െറ തീരത്ത് കോവില്‍ക്കടവിലുള്ള ശിവക്ഷേത്രത്തിലെ ബുദ്ധ വിഗ്രഹം, ശിലാലിഖിതം തുടങ്ങിയവ ഇനിയും സംരക്ഷിക്കാനാളില്ലാതെ അവഗണനയിലാണ്. ആനമുടിയുടെ തമിഴ്നാട് ഭാഗത്തും സംരക്ഷിക്കേണ്ട ധാരാളം പുരാവസ്തുക്കള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. മറയൂരിലെ എഴുത്തുകല്ല് ഇന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. എഴുത്തള, ആട്ടള ആദിവാസി ഗ്രാമങ്ങളില്‍ കാണപ്പെടുന്ന ഗുഹാചിത്രങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടവയാണ്. എടക്കല്ലില്‍ കാണുന്ന ഗുഹാചിത്രങ്ങള്‍ കൊത്തുപണിയാണെങ്കില്‍ മറയൂരില്‍ പെയ്ന്‍റിങ്ങാണെന്ന് ചരിത്ര ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കട്ടപ്പന മുതല്‍ കുമളി വരെയുള്ള പല സ്ഥലത്തും നന്നങ്ങാടികള്‍ കണ്ടത്തെിയിരുന്നു. ബി.സി 500നും എ.ഡി 500നും ഇടയിലാണ് മഹാശിലായുഗ കാലം ലോഹയുഗത്തിലെയും മധ്യയുഗത്തിലെയും അവശിഷ്ടങ്ങള്‍ ഇന്നുമുണ്ട്. സന്ദര്‍ശകരുടെ ശല്യം, പ്രകൃതിക്ഷോഭം തുടങ്ങിയ കാരണങ്ങളാല്‍ പല സ്മാരകങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ പുരാവസ്തുക്കളുള്ള ഇടുക്കിയില്‍ ഇതുവരെ ഒരു ഓഫിസ് പോലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.