സ്കൂള്‍ ഉച്ചഭക്ഷണത്തിന് അരിയെവിടെ?

തൊടുപുഴ: മാവേലി സ്റ്റോറുകളില്‍നിന്ന് അരി ലഭ്യമല്ലാതായതോടെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. ജില്ലയിലെ ഒട്ടുമിക്ക മാവേലി സ്റ്റോറുകളിലും സ്കൂളുകള്‍ക്ക് വിതരണം ചെയ്യാനുള്ള അരി സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിന്‍െറ ചുമതല പ്രധാനാധ്യാപകര്‍ക്കാണ്. എ.ഇ.ഒ ഓഫിസുകളില്‍നിന്ന് അരി അനുദിച്ചുകൊണ്ടുള്ള അനുമതിയുമായി മാവേലി സ്റ്റോറുകളില്‍ എത്തുമ്പോള്‍ അരി സ്റ്റോക്കില്ളെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. സ്ഥിതി തുടരുകയാണെങ്കില്‍ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലാകും. നിലവില്‍ സ്കൂളുകളില്‍ മുന്‍കൂട്ടി സ്റ്റോക് ചെയ്ത അരി ഉപയോഗിച്ചാണ് ഉച്ചഭക്ഷണ വിതരണം മുന്നോട്ടുപോകുന്നത്. ഹൈറേഞ്ചിലെ പല മാവേലി സ്റ്റോറുകളിലും ആഴ്ചകളായി അരി ലഭിക്കുന്നില്ല. ബന്ധപ്പെട്ട അധികൃതരെ പലതവണ വിവരം അറിയിച്ചിട്ടും ഒരു പരിഹാര നടപടിയും കൈക്കൊണ്ടിട്ടില്ല. ഉച്ചഭക്ഷണ വിതരണത്തിന്‍െറ അധികചുമതല പ്രധാനാധ്യാപകരെയും വലക്കുകയാണ്. ഉച്ചഭക്ഷണവിതരണം പ്രതിസന്ധിയിലാകുമ്പോള്‍ സ്കൂളിന്‍െറ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാന്‍ പറ്റാതാവുകയാണ്. മുന്‍കാലങ്ങളില്‍ ഉച്ചഭക്ഷണത്തിനുള്ള തുകയുടെ അഡ്വാന്‍സ് പ്രധാനാധ്യാപകര്‍ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍, നിലവില്‍ അഡ്വാന്‍സ് ലഭിക്കുന്നില്ളെന്ന് മാത്രമല്ല മൂന്നു മാസം കഴിഞ്ഞിട്ടുപോലും കൈയില്‍നിന്ന ചെലവഴിച്ച തുക പലയിടങ്ങളിലും പ്രധാനാധ്യാപകര്‍ക്ക് കിട്ടാത്ത സാഹചര്യമാണ്. സ്വന്തം ശമ്പളത്തില്‍നിന്ന് ഉച്ചഭക്ഷണത്തിനായി തുക മുടക്കേണ്ടിവരികയാണ് ഇവര്‍. ഉച്ചഭക്ഷണ പദ്ധതിക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്നും അധ്യാപകര്‍ പറയുന്നു. 150 കുട്ടികള്‍ വരെയുള്ള സ്കൂളിന് ഒരു കുട്ടിക്ക് അഞ്ചു രൂപ വീതമാണ് സര്‍ക്കാര്‍ തുക അനുവദിക്കുക. പാചകക്കൂലി ഇതിന് പുറമെ നല്‍കും. 150ന് മുകളില്‍ കുട്ടികളുള്ള സ്കൂളില്‍ ഒരു കുട്ടിക്ക് ആറു രൂപ വീതമാണ് ലഭിക്കുക. പാചകക്കൂലി കൂടി ഉള്‍പ്പെടെയാണ് ഇത്. എന്നാല്‍, ഈ തുക വര്‍ഷങ്ങള്‍ക്കുമുമ്പ് നിലവില്‍ വന്നതാണെന്നും അപര്യാപ്തമാണെന്നും അധ്യാപകര്‍ പറയുന്നു. ആഴ്ചയില്‍ രണ്ടു പ്രാവശ്യം പാല്‍, ഒരു ദിവസം മുട്ട, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, വണ്ടിക്കൂലി, വിറക് തുടങ്ങിയവക്ക് സര്‍ക്കാര്‍ നല്‍കുന്ന തുക മതിയാകുന്നില്ല. പാചകത്തൊഴിലാളികളുടെ ദിവസവേതനം 200 രൂപ ഉണ്ടായിരുന്നത് 350 ആയി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ ഇതിനനുസരിച്ചുള്ള വര്‍ധന ഇല്ലാത്തതിനാല്‍ പല സ്കൂളുകളിലും തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ച തുക നല്‍കാന്‍ കഴിയുന്നില്ളെന്ന് പ്രധാനാധ്യാപകര്‍ സമ്മതിക്കുന്നു. സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രധാനാധ്യാപകരുടെ നേരിട്ടുള്ള ചുമതലയില്‍നിന്ന് മാറ്റി കുടുംബശ്രീ പോലെയുള്ള ഏജന്‍സികള്‍ക്ക് നല്‍കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഈ ആവശ്യത്തിന് അധികൃതരില്‍നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.