സമരം അക്രമത്തിലേക്ക് വഴുതാതെ പൊലീസ് ജാഗ്രതയില്‍

മൂന്നാര്‍: പൊലീസിന്‍െറ സമര്‍ഥമായ കരുനീക്കങ്ങള്‍ തോട്ടം തൊഴിലാളി സ്ത്രീകള്‍ നടത്തിവരുന്ന സമരം അക്രമത്തിലേക്ക് വഴുതി നീങ്ങാനുള്ള എല്ലാ സാധ്യതകളെയും തടുക്കുന്നു. തൊഴിലാളി യൂനിയനുകളെ പാടെ തള്ളിക്കളഞ്ഞ് സ്ത്രീകള്‍ നടത്തിവരുന്ന സമരത്തിന് നേതൃത്വം അവകാശപ്പെടാന്‍ ആരുമില്ല. ഇക്കാരണത്താല്‍ ചര്‍ച്ചക്കും മറ്റും ആരെയെങ്കിലും പ്രത്യേകിച്ച് ക്ഷണിക്കാന്‍ തടസ്സം നേരിടുന്നുണ്ട്. കാര്യങ്ങള്‍ പറഞ്ഞ് പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന കുറച്ചുപേരാണ് ഇപ്പോള്‍ ചര്‍ച്ചയിലും മറ്റും പങ്കെടുക്കുന്നത്. തൊഴിലാളി സ്ത്രീകള്‍ക്കിടയില്‍ വിഭാഗീയത കുത്തിനിറക്കാനുള്ള ശ്രമങ്ങള്‍ ഇതിനിടെ നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള നീക്കങ്ങളെ മുളയിലേ നുള്ളിക്കളയാന്‍ പൊലീസ് കരുതലോടെ രംഗത്തുണ്ട്. തൊഴിലാളി സ്ത്രീകളും ഇതിനോട് തികച്ചും യോജിക്കുന്നില്ല. വിഷയത്തെ വംശീയവത്കരിക്കാനുള്ള ശ്രമവും ഇതിനിടെ നടക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ വിഷയം ഇതുമായി ബന്ധപ്പെടുത്താനുള്ള നീക്കങ്ങളെ ഇതിനോടകം ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞദിവസം എ.ഡി.എം.കെ പ്രവര്‍ത്തക എന്നവകാശപ്പെടുന്ന സ്ത്രീ സമരക്കാര്‍ക്കിടയില്‍ കടന്നുചെന്നിരുന്നു. മല്ലിക എന്നുപേരുള്ള ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. റിമാന്‍ഡിലായ ഇവരിപ്പോള്‍ വിയ്യൂര്‍ ജയിലിലാണ്. തൊഴിലാളികള്‍ നടത്തിവരുന്ന സമരം എഴുദിവസം പിന്നിട്ടതോടെയും ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയും സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് മൂന്നാറിലെ വിദേശമദ്യഷാപ്പുകള്‍ കലക്ടറുടെ നിര്‍ദേശപ്രകാരം അടച്ചുപൂട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.