വണ്ടിപ്പെരിയാര്‍ സത്രം മേഖലയില്‍ അനധികൃത കൈയേറ്റം വ്യാപകം

വണ്ടിപ്പെരിയാര്‍: പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍െറ അതിര്‍ത്തി പ്രദേശമായ സത്രം മേഖലയിലെ റവന്യൂ ഭൂമിയില്‍ കൈയേറ്റം വ്യാപകമാകുന്നു. പുല്‍മേടുകള്‍ ഇടിച്ചുനിരത്തി ഏലം, കാപ്പി, തുടങ്ങിയവ കൃഷിചെയ്താണ് വന്‍കിട റിസോര്‍ട്ട് മാഫിയകള്‍ക്കുവേണ്ടി പ്രദേശവാസികളെ ഉപയോഗിച്ച് കൈയേറ്റം നടത്തിയിരിക്കുന്നത്. പീരുമേട് താലൂക്കിലെ മഞ്ചുമല വില്ളേജില്‍പെട്ട സത്രം പ്രദേശത്ത് ഏക്കര്‍ കണക്കിന് റവന്യൂ ഭൂമിയാണുള്ളത്. പുല്‍മേടുകളാല്‍ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്ത് കൈയേറ്റം നടത്തിയ പ്രദേശങ്ങള്‍ കമ്പിവേലി കെട്ടിത്തിരിച്ച് ആയിരത്തിലധികം കാപ്പിച്ചെടികളാണ് വെച്ചുപിടിപ്പിച്ചിരിക്കുന്നത്. വള്ളക്കടവ് വനംവകുപ്പ് ചെക്പോസ്റ്റിന് സമീപത്തെ പൊന്‍നഗര്‍ കോളനിയിലെ ചിലരാണ് കൈയേറ്റങ്ങള്‍ക്ക് പിന്നിലെന്ന് സൂചനയുണ്ട്. പഴയ കൃഷി ഭൂമിയാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനാണ് കൃഷി ദേഹണ്ഡങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത്. എറണാകുളം, കോട്ടയം, പാലാ എന്നിവിടങ്ങളിലുള്ള വമ്പന്‍ റിസോര്‍ട്ട് മാഫിയകള്‍ക്കുവേണ്ടിയാണത്രെ കൈയേറ്റം നടത്തിയിരിക്കുന്നത്. നാമമാത്രമായ പട്ടയഭൂമിയുള്ളവരുടെ പക്കലിന്ന് ഏക്കര്‍ കണക്കിന് ഭൂമിയാണുള്ളത്. കൈയേറ്റ ഭൂമിയിലെ കൃഷികള്‍ കാലപ്പഴക്കം എത്തുമ്പോള്‍ വ്യാജരേഖ ചമച്ചെടുക്കുകയാണ് കൈയേറ്റക്കാരുടെ പതിവ്. മുമ്പും ഇത്തരം കൈയേറ്റങ്ങള്‍ അധികൃതര്‍ ഒഴിപ്പിച്ചിരുന്നെങ്കിലും വീണ്ടും സത്രം മേഖലയില്‍ മാഫിയകള്‍ സജീവമായിരിക്കുകയാണ്. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അടുത്തകാലത്ത് സത്രം മേഖലയില്‍ പട്ടയങ്ങള്‍ നേടിയെടുത്തവരുമുണ്ട്. ഒരു സെന്‍റ് മുതല്‍ 40 സെന്‍റ് വരെയുള്ള ഭൂമിക്ക് പട്ടയം തേടി നിരവധിയാളുകളാണ് വില്ളേജ് ഓഫിസില്‍ കയറിയിറങ്ങുന്നത്. ഒരേക്കര്‍ മുതല്‍ നാലേക്കര്‍ വരെ ഭൂമിക്കുള്ള പട്ടയം ഒരുതടസ്സവും കൂടാതെ ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. പ്രദേശവാസികളുടെ നേതൃത്വത്തിലാണ് കൈയേറ്റങ്ങള്‍ നടക്കുന്നതെങ്കിലും റിസോര്‍ട്ട് മാഫിയകളാണ് പണവും ഉദ്യോഗസ്ഥ സ്വാധീനവും ഉപയോഗപ്പെടുത്തി പട്ടയം നേടിയെടുക്കുന്നത്. മുന്തിയ ഇനം വാഹനവും സത്രം പ്രദേശത്ത് മിക്ക ദിവസങ്ങളിലും എത്താറുണ്ട്. കൈയേറ്റങ്ങള്‍ വ്യാപകമായതായി പരാതി ഉയര്‍ന്നപ്പോള്‍ അന്വേഷണത്തിനത്തെുന്ന ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടുകാരുടെ ആതിഥ്യം സ്വീകരിച്ച് മുങ്ങുകയാണ് ചെയ്യുന്നതെന്നും ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.