സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ മുടങ്ങുന്നതായി ആക്ഷേപം

അടിമാലി: ബാങ്ക് അക്കൗണ്ട് വഴിയാക്കിയതിനെ തുടര്‍ന്ന് ജില്ലയില്‍ അര്‍ഹര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ മുടങ്ങുന്നതായി ആക്ഷേപം. ചില ബാങ്കുകളിലെ ഇടപാടുകളിലെ കാലതാമസവും അക്കൗണ്ടിലെ അവ്യക്തതയുമാണ് വാര്‍ധക്യ പെന്‍ഷനുകളടക്കം മുടങ്ങാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത് ഡയറക്ടേറ്റില്‍നിന്ന് പണം ഡി.ബി.ടി (ഡയറക്ട് ബെനഫിക്ട് ട്രാന്‍സ്ഫര്‍) മുഖേന ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് പണം നല്‍കുന്നത്. ഈ മാസം മുതലാണ് സംവിധാനം നടപ്പായിത്തുടങ്ങിയത്. ദേശീയ വാര്‍ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, അംഗപരിമിതര്‍ക്കുള്ള പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവയാണ് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പ്രകാരം പെന്‍ഷന്‍കാരുടെ അക്കൗണ്ടില്‍ നല്‍കാന്‍ തീരുമാനിച്ചത്. അതനുസരിച്ച് ബാങ്ക് അക്കൗണ്ട് നമ്പറോ പോസ്റ്റ് ഓഫിസ് അക്കൗണ്ട് നമ്പറോ ആധാര്‍ നമ്പര്‍ സഹിതം തദ്ദേശസ്ഥാപനങ്ങളില്‍ ഏല്‍പിക്കണമെന്നായിരുന്നു നിര്‍ദേശം. ഇവരില്‍ പലരും കിടപ്പുരോഗികളും അവശരും ആയതിനാല്‍ പലരും ഏറെ കഷ്ടപ്പെട്ട് എത്തിയാണ് വിവരങ്ങള്‍ സമര്‍പ്പിച്ചത്. എന്നാല്‍, വിവരങ്ങള്‍ നല്‍കിയപ്പോഴുള്ള അവ്യക്തതയാണ് കാരണമെന്നാണ് ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, അധികൃതരുടെ വീഴ്ച മൂലമാണ് പെന്‍ഷന്‍ മുടങ്ങുന്നതെന്നാണ് പെന്‍ഷന്‍കാരുടെ ആക്ഷേപം. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഒഴികെയുള്ള ക്ഷേമ പെന്‍ഷനുകളാണ് ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്നത്. ഇത് 1.25 ലക്ഷം വരും. ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്ക് മണിയോര്‍ഡറായി പെന്‍ഷന്‍ നല്‍കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. തുടക്കം എന്ന നിലയിലുണ്ടായ പ്രശ്നമാണ് പെന്‍ഷന്‍ വൈകാന്‍ കാരണമെന്നും പ്രശ്ന പരിഹാരത്തിന് ഉടന്‍ ശ്രമം നടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. തദ്ദേശസ്ഥാപനങ്ങളില്‍ അന്വേഷിക്കുന്നവരോട് ബാങ്കുമായി ബന്ധപ്പെടണമെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇത് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കിടയില്‍ പ്രതിഷേധത്തിനും കാരണമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.