മറയൂര്‍/വണ്ടിപ്പെരിയാര്‍: മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. പരിയവരൈ, തലയാര്‍, വാഗുവര എന്നീ എസ്റ്റേറ്റുകളിലായിരുന്നു ഉപരോധം. തൊഴിലാളികള്‍ അന്തര്‍ സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ കടത്തി വിട്ടില്ല. വ്യാപാരസ്ഥാപങ്ങള്‍ അടപ്പിച്ചു. മൂന്നാര്‍-മറയൂര്‍ റോഡിലെ വിനോദ സഞ്ചാരികള്‍ വാഹനവും ഭക്ഷണവും കിട്ടാതെ വലഞ്ഞു. കഴിഞ്ഞദിവസം വരെ ചെറിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് തൊഴിലാളി സമരത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പി.എല്‍.സി മീറ്റിങ്ങില്‍ കൂലി വര്‍ധന തീരുമാനം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പത്ത് മിനിറ്റ് വാഹനം തടഞ്ഞ ശേഷം വിട്ടിരുന്നുവെങ്കില്‍ വ്യാഴാഴ്ച ഒരു വാഹനവും സമരക്കാര്‍ കടത്തിവിട്ടില്ല. വണ്ടിപ്പെരിയാര്‍ പീരുമേട് തോട്ടം മേഖലയില്‍ നടത്തിവരുന്ന സമരം ശക്തമാക്കാന്‍ ഐക്യ ട്രേഡ് യൂനിയന്‍ യോഗം തീരുമാനിച്ചു. വണ്ടിപ്പെരിയാര്‍, പാമ്പനാര്‍, ഏലപ്പാറ എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ റിലേ നിരാഹാരം വെള്ളിയാഴ്ച ആരംഭിക്കും. എസ്റ്റേറ്റുകളുടെ മസ്റ്റര്‍ ഓഫിസ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകള്‍ക്ക് മുന്നില്‍ തൊഴിലാളികള്‍ ധര്‍ണാസമരം നടത്താനാണ് തീരുമാനം. വണ്ടിപ്പെരിയാറിലും പാമ്പനാറിലും ദേശീയപാതയോരത്തും ഏലപ്പാറയില്‍ സംസ്ഥാന പാതയോരത്തുമാണ് റിലേ നിരാഹാരത്തിനായി സമരപന്തല്‍ ഉയര്‍ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.