പൂമാല സ്കൂളില്‍ പ്രാദേശിക പഠനസഹായ കേന്ദ്രങ്ങള്‍

തൊടുപുഴ: പൂമാല ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ളാസ് വിദ്യാര്‍ഥികള്‍ക്കായി പ്രാദേശിക പഠന സഹായ കേന്ദ്രങ്ങള്‍ ഒരുക്കി അധ്യാപക രക്ഷാകര്‍തൃസമിതി. കുട്ടികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടികളുടെ വീടിനടുത്തുതന്നെ പഠനസഹായ കേന്ദ്രങ്ങള്‍ ആരംഭിച്ച് രാത്രി ക്ളാസുകള്‍ക്ക് തുടക്കമിടുന്നത്. ഈ വര്‍ഷത്തെ ആദ്യ പഠന സഹായ കേന്ദ്രത്തിന്‍െറ ഉദ്ഘാടനം നടത്തി. മറ്റു പഠന സഹായ കേന്ദ്രങ്ങള്‍ നാളിയാനി സാക്ഷരതാ കേന്ദ്രത്തില്‍ വ്യാഴാഴ്ച മുതലും പടിഞ്ഞാറേ മേത്തൊട്ടിയില്‍ വെള്ളിയാഴ്ച മുതലും മേത്തൊട്ടി ടോപ്, കിഴക്കേ മേത്തൊട്ടി എന്നിവിടങ്ങളില്‍ ശനിയാഴ്ചയോടെയും ആരംഭിക്കും. ആദിവാസി മേഖലയിലെ പൂമാല ഗവ. ട്രൈബല്‍ സ്കൂളില്‍ 69 ശതമാനം കുട്ടികളും പട്ടികവര്‍ഗത്തില്‍നിന്നാണ്. വീട്ടിലിരുന്ന് പഠിക്കാന്‍ സാഹചര്യമില്ലാത്തതിനാലാണ് പലരും പഠനത്തില്‍ പിന്നാക്കം പോകുന്നതെന്ന് അധ്യാപകര്‍ കണ്ടത്തെിയിരുന്നു. വീട്ടിലെ ഭൗതിക സാഹചര്യങ്ങളും മറ്റ് പ്രശ്നങ്ങളുമെല്ലാം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ചിരുന്ന് പഠിക്കാന്‍ കഴിയുന്ന പഠനസഹായ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അധ്യാപക രക്ഷാകര്‍തൃ സമിതി തീരുമാനിച്ചത്. വൈകീട്ട് ക്ളാസ് കഴിഞ്ഞ ശേഷം കുട്ടികള്‍ക്ക് ഇവിടങ്ങളിലത്തെി പഠിക്കുകയും ഹോം വര്‍ക്കുകള്‍ നടത്തുകയും ചെയ്യാം. കുട്ടികള്‍ തന്നെയാണ് ഇവിടെ അധ്യാപകരും. പഠനം തീരുന്നതുവരെ കുട്ടികളോടൊപ്പം മാതാപിതാക്കളുമുണ്ടാകും. പി.ടി.എയുടെ മേല്‍നോട്ടത്തിലാണ് പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. കുട്ടികള്‍ക്ക് ചായയും ലഘുഭക്ഷണവും ഇവിടങ്ങളില്‍ വിതരണം ചെയ്യും. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷക്ക് ഒരു മാസം മുമ്പ് ഇത്തരത്തില്‍ പ്രാദേശിക രാത്രി പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. ഇത് സ്കൂളിന്‍െറ എസ്.എസ്.എല്‍.സി വിജയശതമാനം ഉയര്‍ത്തി. ഈ സാഹചര്യത്തിലാണ് ഇത്തവണ നേരത്തേ തന്നെ കുട്ടികള്‍ക്കായി പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.