കുമളി ടൗണ്‍ ഇനി കാമറാ നിരീക്ഷണത്തില്‍

കുമളി: ബസ്സ്റ്റാന്‍ഡിലും പരിസരങ്ങളും ചുറ്റിത്തിരിയുന്ന പൂവാലന്മാരും മദ്യപിച്ച് വഴിയില്‍ കിടക്കുന്നവരും നടുറോഡില്‍ വാഹനം നിര്‍ത്തി ഫോണില്‍ സല്ലപിക്കുന്നവരും ഇനി ജാഗ്രതൈ. പൊലീസിന്‍െറ രഹസ്യ കാമറകള്‍ നിങ്ങളുടെ ഓരോ ചലനവും നിരീക്ഷിക്കും. കുമളി ടൗണ്‍ മുതല്‍ ചെളിമട, തേക്കടി ചെക്പോസ്റ്റ് വരെ നീളുന്ന നിരീക്ഷണ സംവിധാനമാണ് പൊലീസ് ഒരുക്കിയത്. കുമളി ടൗണില്‍ ബസ്സ്റ്റാന്‍ഡിന് സമീപത്തും തേക്കടി കവല, ചെളിമട, തേക്കടിയിലെ വനംവകുപ്പ് ചെക്പോസ്റ്റിന് സമീപം എന്നിവിടങ്ങളിലാണ് കെല്‍ട്രോണിന്‍െറ സഹായത്തോടെ കാമറകള്‍ സ്ഥാപിച്ചത്. രാത്രിയിലും ദൃശ്യങ്ങള്‍ക്ക് വ്യക്തത ലഭിക്കുന്ന 12 കാമറകള്‍ ഇനി 24 മണിക്കൂറും കുമളിയെ നിരീക്ഷിക്കും. വിദേശികള്‍ ഉള്‍പ്പെടെ വിനോദസഞ്ചാരികള്‍ എത്തുന്ന കുമളി ടൗണ്‍, തേക്കടി ചെക്പോസ്റ്റ് എന്നിവിടങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചത് സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ഗുണം ചെയ്യും. ശബരിമല തീര്‍ഥാടകരുടെ വന്‍തിരക്ക് അനുഭവപ്പെടുന്ന ഘട്ടത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാതെ ദേശീയപാതയില്‍ ചെളിമട മുതല്‍ ടൗണ്‍വരെ നിരീക്ഷിക്കാനും പുതിയ സംവിധാനം വഴി പൊലീസിന് കഴിയും. ലഹരിമരുന്ന് കടത്ത്, വ്യാപാരം, മോഷണം, സാമൂഹിക വിരുദ്ധ ശല്യം, അപകടങ്ങള്‍ എന്നിവയെല്ലാം നിരീക്ഷിക്കാനും തടയാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് നിരീക്ഷണ സംവിധാനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച ഇടുക്കി പൊലീസ് ചീഫ് കെ.വി. ജോസഫ് പറഞ്ഞു. കുമളി സി.ഐയുടെ ഓഫിസിലാണ് നിരീക്ഷണ സ്ക്രീന്‍ ഉള്‍പ്പെടെ സംവിധാനം ഒരുക്കിയത്. കാമറ വഴി റെക്കോഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഒരു മാസത്തേക്ക് സൂക്ഷിക്കാന്‍ കഴിയും. ഇപ്പോള്‍ സ്ഥാപിച്ച നാലു സ്ഥലങ്ങള്‍ക്ക് പുറമെ ഒന്നാംമൈല്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കാമറകള്‍ ജനകീയ പങ്കാളിത്തത്തോടെ സ്ഥാപിക്കുമെന്ന് പൊലീസ് ചീഫ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.