വണ്ടിപ്പെരിയാര്‍: രാത്രിയുടെ മറവില്‍ മുല്ലപ്പെരിയാര്‍ ജലം ഇടുക്കിയിലേക്ക് തുറന്നുവിട്ടതിന്‍െറ ഭീതി പെരിയാര്‍ നിവാസികളില്‍നിന്ന് ഇപ്പോഴും മാറിയിട്ടില്ല. എട്ടുമണിയോടെ തമിഴ്നാട് ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ ഒഴുകിത്തുടങ്ങിയ ജലം താഴ്വാരത്തെ ആദ്യ ജനവാസ കേന്ദ്രമായ വള്ളക്കടവില്‍ എത്തിയത് ഒരുമണിക്കൂര്‍ കൊണ്ടാണ്. ജലം പെരിയാര്‍ നദിയിലേക്ക് ഒഴുക്കുന്നുവെന്ന ദൃശ്യമാധ്യമങ്ങളിലൂടെ വാര്‍ത്ത പരന്നതോടെ വള്ളക്കടവ് നിവാസികള്‍ പരിഭ്രാന്തരായി. ഒരു മുന്നറിയിപ്പും കൂടാതെ നടത്തിയ പ്രവര്‍ത്തനത്തില്‍ ആശങ്കയിലായ ജനക്കൂട്ടം എന്ത് ചെയ്യണമെന്നറിയാതെ വള്ളക്കടവ് ടൗണിലേക്ക് എത്തുകയായിരുന്നു. വെള്ളമൊഴുക്കിന്‍െറ അവസ്ഥ എന്താകുമെന്ന ആശങ്കയിലായിരുന്നു ജനങ്ങളിലേറെയും. നദിയിലൂടെ ജലമൊഴുക്ക് ദൃശ്യമാകുന്ന മേഖലയിലേക്കും ഉയര്‍ന്ന സ്ഥലങ്ങളിലും ചിലര്‍ തമ്പടിച്ചു. കനത്ത കോടമഞ്ഞും ചാറ്റല്‍മഴയും തണുപ്പുമേറിയ പ്രതികൂല കാലാവസ്ഥയും ഇടക്കിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുകൊണ്ടിരുന്നതും ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കിക്കൊണ്ടിരുന്നു. അണക്കെട്ടിന്‍െറ താഴ്വാരത്തെ ആദ്യജനവാസ കേന്ദ്രമായ വള്ളക്കടവിലെ ചെക് പോസ്റ്റിന് സമീപം താമസിക്കുന്ന പുത്തന്‍തറയില്‍ രാമയ്യ എന്ന 80കാരന് ഏറെ ആശങ്കയോടെയാണ് ചൊവ്വാഴ്ച രാത്രിയിലുണ്ടായ വെള്ളമൊഴുക്കിനെക്കുറിച്ച് പങ്കുവെച്ചത്. ഷട്ടറില്‍നിന്ന് ജലം വള്ളക്കടവില്‍ എത്തിയപ്പോള്‍ രാത്രി ഒമ്പതുമണിയോടടുത്തിരുന്നു. ശക്തമായ ഇരച്ചില്‍ ശബ്ദത്തോടെ ജലം ഒഴുകിയത്തെിയപ്പോള്‍ ഏറെ ഭീതി മനസ്സിലുയര്‍ന്നതായും തുടര്‍ന്ന് വീട്ടില്‍നിന്ന് ഭാര്യയുമായി പുറത്തിറങ്ങി ടൗണിലേക്ക് എത്തുകയും ചെയ്തു. വള്ളക്കടവ് ടൗണിലെ താമസക്കാരനായ ചിന്നപ്പന്‍, മൈക്കിള്‍ ഭവനില്‍ നാഗരാജ്, ആരോഗ്യസ്വാമി, അരുള്‍മണി, ബാലന്‍, ബിനോയ് തങ്കപ്പന്‍, ഷാജി മറ്റക്കര എന്നിവരുടെ വീടുകളില്‍ നദിയില്‍നിന്ന് വെള്ളം ഉയര്‍ന്നുകയറുകയും ചെയ്തു. കറുപ്പുപാലം ചപ്പാത്ത് പാലത്തിന് സമീപം താമസിക്കുന്ന കാരപ്പുരക്കല്‍ ഷഫീഖ്്, പുതുപറമ്പില്‍ താഹിര്‍, കറുപ്പുപാലം ജുമാമസ്ജിദ് എന്നിവിടങ്ങളിലും വെള്ളം കയറിയിരുന്നു. തീരദേശത്ത് താമസിക്കുന്ന മിക്കവരുടെയും കൃഷിയിടങ്ങളില്‍ വെള്ളം കയറി വ്യാപകമായ നാശം സംഭവിച്ചിട്ടുണ്ട്. ഏലം, കാപ്പി, കവുങ്ങ്, വാഴ കൃഷികളാണ് ഒഴുകിപ്പോയത്. അതിവേഗത്തില്‍ എത്തിയ ജലം വനംവകുപ്പ് ഡോര്‍മിറ്ററിക്ക് സമീപത്തുള്ള എട്ടടി ഉയരമുള്ള പാലത്തിന് മുകളിലൂടെയാണ് ഒഴുകിയത്. ശക്തമായ ഒഴുക്കില്‍ നദിയിലെ പലതുരുത്തുകളിലെ മണ്‍തിട്ടകളും ചെറുമരങ്ങളും പിഴുതെറിയപ്പെട്ടു. ചളിയുടെ അസഹനീയമായ ഗന്ധവും പ്രദേശത്ത് രൂക്ഷമായിരുന്നു. ജലമൊഴുക്ക് ആരംഭിച്ചതോടെ തീരദേശവാസികള്‍ പൂര്‍ണമായും റോഡിന്‍െറ ഇരുവശങ്ങളിലും എത്തിയിരുന്നു. ഏകദേശം മൂന്നുമണിക്കൂര്‍ കൊണ്ടാണ് ജലം വണ്ടിപ്പെരിയാര്‍ ടൗണിലത്തെിയത്. പുതിയ പാലത്തിന്‍െറ ജോലി നടക്കുന്നതിനാല്‍ ഇരുമ്പുഗര്‍ഡര്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ നദിക്കരയില്‍ സൂക്ഷിച്ചിരുന്നു. ഒരു മുന്നറിയിപ്പും ലഭിക്കാതിരുന്നതിനാല്‍ ഏതാനും ജീവനക്കാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ശക്തമായ വെള്ളമൊഴുക്കില്‍ വലിയ ഇരുമ്പുഗര്‍ഡറുകള്‍ ഉള്‍പ്പെടെയുള്ളവ ഒഴുകിപ്പോവുകയും താല്‍ക്കാലിക ഷെഡുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പെരിയാര്‍ ടൗണിന് സമീപത്തെ വികാസ് നഗര്‍ റോഡിലും വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. വന്‍തോതില്‍ ചളിയും പ്രദേശത്ത് അടിഞ്ഞുകൂടുകയും കൃഷിദേഹണ്ഡങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്. തണുത്തുറഞ്ഞ കാലാവസ്ഥ പോലെതന്നെ ഉറക്കമില്ലാത്ത ഒരുരാത്രിയായിരുന്നു ചൊവ്വാഴ്ച തീരദേശ വാസികള്‍ക്ക് അനുഭവിക്കേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.