അടിമാലി: ഹൈറേഞ്ചിലെ റോഡരികുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും അനധികൃത പരസ്യ ബോര്‍ഡുകള്‍ പെരുകുന്നു. സര്‍ക്കാര്‍ പുറമ്പോക്കുകളിലും സ്വകാര്യ ഭൂമികളിലും കെട്ടിടങ്ങള്‍ക്കു മുകളിലുമായാണ് പരസ്യ ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ദേശീയപാതക്കരികില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് എന്‍.എച്ച് അധികൃതരില്‍നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്. ഒട്ടനവധി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമാണ് ഇതിന് അനുമതി നല്‍കേണ്ടത്. മറ്റിടങ്ങളില്‍ പഞ്ചായത്തുമാണ് അനുമതി നല്‍കേണ്ടത്. എന്നാല്‍, ഇത്തരം നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പരസ്യ ബോര്‍ഡുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ദേശിയപാതയില്‍ നേര്യമംഗലം മുതല്‍ പൂപ്പാറവരെ വ്യാപകമായ രീതിയില്‍ റോഡരികിലും കെട്ടിടങ്ങള്‍ക്ക് മുകളിലുമായി നൂറുകണക്കിനു അനധികൃത പരസ്യ ബോര്‍ഡുകളാണുള്ളത്. കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ തടസ്സമായ രീതിയിലാണ് പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്. വളവുകളിലും മറ്റും എതിര്‍ദിശയില്‍നിന്ന് വാഹനങ്ങള്‍ വരുന്നത് കാണാന്‍ കഴിയാത്ത വിധമാണ് ഇവയുടെ നില്‍പ്. ഇത് അപകടം ക്ഷണിച്ചു വരുത്തുന്നതിനു കാരണമാകും. ചെറിയ കെട്ടിടങ്ങള്‍ക്കും മുകളിലായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ പലതും ദ്രവിച്ചു നിലംപൊത്താറായ അവസ്ഥയിലാണ്. ഇതിനൊക്കെ പുറമെ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും പലപ്പോഴായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകളും മറ്റും ഉപയോഗശേഷം നീക്കം ചെയ്യാതെ പൊതുജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ചുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും കെട്ടിടങ്ങളുടെ മുകളിലും ഇവ സ്ഥാപിക്കുന്നതിനും പെര്‍മിറ്റ് വാങ്ങേണ്ടതുണ്ട്. 1,000 മുതല്‍ 10,000 രൂപ വരെയാണ് ഇതിനു അടയ്ക്കേണ്ടത്. എന്നാല്‍, അനധികൃതമായി ഇവ സ്ഥാപിക്കുക വഴി നികുതിയിനത്തില്‍ ലഭിക്കേണ്ട ലക്ഷക്കണക്കിനു രൂപയാണ് നഷ്ടമാകുന്നത്. മുന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍വരെ ഇതിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.