തൊടുപുഴ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ അട്ടിമറി

തൊടുപുഴ: യു.ഡി.എഫ് ഭരിക്കുന്ന തൊടുപുഴ നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ഭൂരിപക്ഷവും പ്രതിപക്ഷത്തിന്. രണ്ടു കമ്മിറ്റിയിലേക്ക് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാനുണ്ടെങ്കിലും എല്‍.ഡി.എഫിന് മൂന്നും ബി.ജെ.പിക്ക് ഒന്നും സ്ഥിരം സമിതികള്‍ ഉറപ്പായി. ആകെ ആറു സ്ഥിരം സമിതികളെയാണ് തെരഞ്ഞെടുക്കേണ്ടത്. രണ്ടു സമിതികള്‍ മാത്രമാണ് യു.ഡി.എഫിന് ലഭിക്കുക. അതിലൊന്ന് വൈസ് ചെയര്‍മാന് അവകാശപ്പെട്ട ധനകാര്യസമിതിയാണ്. മറ്റൊന്ന് വികസനകാര്യ സമിതിയാണ്. ഇതിലേക്ക് എല്‍.ഡി.എഫും ബിജെ.പിയും ആരെയും നാമനിര്‍ദേശം ചെയ്തിട്ടില്ല. കേരള കോണ്‍ഗ്രസിലെ പ്രഫ. ജെസി ആന്‍റണി വികസനകാര്യ സമിതി അധ്യക്ഷയാകും. ബി.ജെ.പിക്ക് ലഭിക്കുന്ന വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അധ്യക്ഷ ബിന്ദു പത്മകുമാറാകും. ഇത് വനിതാ സംവരണമാണ്. ആരോഗ്യം, ക്ഷേമകാര്യം, പൊതുമരാമത്ത് സമിതികളാണ് എല്‍.ഡി.എഫിന് ലഭിക്കുക. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാനുള്ള രണ്ടു സ്ഥിരം സമിതികളിലേക്ക് തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. സ്ഥിരം സമിതി അധ്യക്ഷന്മാരെ പിന്നീട് തെരഞ്ഞെടുക്കും. അതേസമയം, നഗരസഭയില്‍ സി.പി.എമ്മും ബി.ജെ.പിയും രഹസ്യ ധാരണയുണ്ടാക്കിയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പിടിച്ചതെന്ന് കോണ്‍ഗ്രസും മുസ്ലിംലീഗും ആരോപിച്ചു. എന്നാല്‍, നഗരസഭാ സ്ഥിരം സമിതി തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണ്‍ സംബന്ധിച്ച അറിവില്ലായ്മ മൂലം സംഭവിച്ച ജാള്യം മറച്ചുവെക്കാനാണ് കോണ്‍ഗ്രസിന്‍െറയും ലീഗിന്‍െറയും നേതാക്കള്‍ ആരോപണം ഉന്നയിക്കുന്നതെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍ ആര്‍. ഹരി പറഞ്ഞു. ആരുടെയും സഹായമില്ലാതെ തന്നെ എല്‍.ഡി.എഫിന് രണ്ടു സ്ഥിരം സമിതി ഉറപ്പായിരുന്നു. ബി.ജെ.പിക്ക് ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി ലഭിച്ചതിന്‍െറ ഉത്തരവാദിത്തം യു.ഡി.എഫിന് തന്നെയാണെന്നും ആര്‍. ഹരി കുറ്റപ്പെടുത്തി. കട്ടപ്പന: കട്ടപ്പന നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. ചൊവ്വാഴ്ച നടന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്. ധനകാര്യം, ആരോഗ്യം, ക്ഷേമകാര്യം എന്നീ മൂന്നു കമ്മിറ്റികളിലേക്ക് ഇനി ഓരോ അംഗങ്ങളെക്കൂടി തെരഞ്ഞെടുക്കാനുണ്ട്. എങ്കിലും ആറു കമ്മിറ്റികളില്‍ അഞ്ചിലും യു.ഡി.എഫിന് മുന്‍തൂക്കമുണ്ടാകും. ഒരു കമ്മിറ്റി മാത്രമേ എല്‍.ഡി.എഫിന് ലഭിക്കാനിടയുള്ളൂ. കട്ടപ്പന നഗരസഭയില്‍ യു.ഡി.എഫിന് 17ഉം എല്‍.ഡി.എഫിന് 14ഉം ബി.ജെ.പിക്ക് രണ്ടും പി.സി. തോമസ് വിഭാഗത്തിന് ഒരു സീറ്റുമാണുള്ളത്. ബി.ജെ.പി അംഗങ്ങളായ മഞ്ജു സതീശ്, പി.ആര്‍. ഉണ്ണി എന്നിവര്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. വോട്ടെടുപ്പിലെ സങ്കീര്‍ണത നിമിത്തം യു.ഡി.എഫ് തയാറാക്കിയ ലിസ്റ്റ് ബി.ജെ.പി അംഗങ്ങള്‍ക്കും വിതരണം ചെയ്തിരുന്നു. ഈ ലിസ്റ്റനുസരിച്ചാണ് ബി.ജെ.പി വോട്ട് ചെയ്തത്. ബി.ജെ.പി യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ എല്‍.ഡി.എഫിന് കൂടുതല്‍ കമ്മിറ്റികള്‍ ലഭിക്കാതെപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.