ആകെ രോഗികൾ 7000; പുതുതായി 176പേർക്ക് കോവിഡ്

-അഞ്ചു പേർ കൂടി മരിച്ചു -ബംഗളൂരുവിൽ മാത്രം 42 പേർക്ക് രോഗം സ്ഥിരീകരിച്ചു -312 പേർക്ക് രോഗമുക്തി ബംഗളൂരു: സംസ്ഥാനത്ത് പുതുതായി 176 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7000 ആയി ഉയർന്നു. ഞായറാഴ്ച മാത്രം 312 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3955 ആയി. നിലവിൽ 2956 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 86. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 176 പേരിൽ ആറു പേർ വിദേശത്തുനിന്നും 88 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. 88 പേരിൽ നാലുപേരൊഴികെ 84പേരും മഹാരാഷ്ട്രയിൽനിന്നെത്തിയവരാണ്. വിവിധ ജില്ലകളിലായി രോഗം സ്ഥിരീകരിച്ച 176 പേരിൽ 24 പേർക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച ബംഗളൂരുവിലാണ് ഏറ്റവും കൂടുതൽ പോസിറ്റിവ് കേസുകളുള്ളത്. 42 പേർക്കാണ് ബംഗളൂരു അർബനിൽ രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവിലെ 42പേരിൽ 16 പേർക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർക്കും ഇൻഫ്ലുവൻസ അസുഖബാധിതരായ എട്ടുപേർക്കും സമ്പർക്കം വഴി പത്തുപേർക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ നാലുപേർക്കും മൈസൂരുവിൽനിന്നെത്തിയ രണ്ടുപേർക്കും ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ചു. യാദ്ഗിറിൽ 22 പേർക്കും ഉഡുപ്പിയിൽ 21 പേർക്കും ബിദറിൽ 20 പേർക്കും രോഗം സ്ഥിരീകരിച്ചു. കലബുറഗി (13), ധാർവാഡ് (10), ബെള്ളാരി (8), കോലാർ (7), ഉത്തര കന്നട (6), മാണ്ഡ്യ (5), ദക്ഷിണ കന്നട (5), ബാഗൽകോട്ട് (4), രാമനഗര (3), റായ്ച്ചൂർ (2), ശിവമൊഗ്ഗ (2), ബെളഗാവി (1), ഹാസൻ (1), വിജയപുര (1), ബംഗളൂരു റൂറൽ (1), ഹാവേരി (1) എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ദക്ഷിണ കന്നട, ബിദർ, ബംഗളൂരു അർബൻ എന്നിവിടങ്ങളിലായാണ് ഞായറാഴ്ച അഞ്ചു കോവിഡ് മരണം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽനിന്നും ദക്ഷിണ കന്നടയിലെത്തിയ 24 കാരനാണ് ജൂൺ 12ന് മരിച്ചത്. രക്തസമ്മർദം ഉൾപ്പെടെയുള്ള അസുഖമുണ്ടായിരുന്ന യുവാവിനെ കോവിഡ് ഐസൊലേഷൻ വാർഡിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ചികിത്സിച്ചത്. ബിദറിൽ താമസിക്കുന്ന 76 കാരനും കഴിഞ്ഞദിവസം മരിച്ചു. മരിച്ചശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. ബംഗളൂരു അർബനിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സ തേടിയ 57 കാരി, തമിഴ്നാട്ടിൽനിന്നെത്തിയ 50കാരൻ, ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയ 60 കാരി എന്നിവരും മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.