വി​ജീ​ഷ്

മത്സ്യബന്ധനത്തിനിടെ കടലിലേക്ക് തെറിച്ചുവീണ തൊഴിലാളിയെ കാണാതായി

വാടാനപ്പള്ളി: മത്സ്യബന്ധനത്തിനിടയിൽ വീശിയടിച്ച കാറ്റിൽ വള്ളത്തിൽനിന്ന് കടലിലേക്ക് തെറിച്ചുവീണ മത്സ്യ തൊഴിലാളിയെ കാണാതായി. ഏങ്ങണ്ടിയൂർ എത്തായ് സ്വദേശി കരിപ്പയിൽ വിജീഷിനെ (55) യാണ് കാണാതായത്. ബുധനാഴ്ച പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം.

പുലർച്ചെ നാലോടെ വിജീഷ് അടക്കം അഞ്ചുപേരാണ് ചേറ്റുവ ഹാർബറിൽനിന്ന് ശിവശക്തി എന്ന ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയത്. ശക്തമായ കാറ്റിൽ വള്ളത്തിൽനിന്ന് വിജീഷ് കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഇവർ തിരിച്ചുപോരുകയായിരുന്നു. വിവരമറിയിച്ചതോടെ ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും രാത്രിവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ചേറ്റുവ അഴിമുഖത്തുനിന്നും പടിഞ്ഞാറു മാറി അഞ്ചങ്ങാടി വളവിന് പടിഞ്ഞാറ് പത്ത് കിലോമീറ്റർ അകലെ വെച്ചായിരുന്നു സംഭവമെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

ചെത്ത് തൊഴിലാളിയായ വിജീഷ് ഒരു മാസം മുമ്പാണ് കടലിൽ മത്സ്യബന്ധനത്തിന് പോയി തുടങ്ങിയത്. ചെത്ത് തൊഴിലുമായി ബന്ധപ്പെട്ട് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. വീട്ടിൽ മുള അടക്കമുള്ള വൃക്ഷങ്ങളും പച്ചക്കറികളും മത്സ്യ കൃഷിയും നടത്തിവരുന്നുണ്ട്.

കർഷകൻകൂടിയായ വിജീഷിന് കാർഷിക രംഗത്ത് അവാർഡും ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളും വിദ്യാർഥികളും അധ്യാപകരും കാർഷിക രംഗത്തെ പ്രമുഖരടക്കം നിരവധി പേർ കൃഷിയിടം സന്ദർശിക്കാറുണ്ട്. വിജീഷിന്റെ കൃഷിരീതികളെ കുറിച്ച് ‘മാധ്യമം’ നേരത്തേ വാർത്ത നൽകിയിരുന്നു.

Tags:    
News Summary - Worker missing after falling into sea while fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.