ഗാന്ധിനഗർ: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ നടത്തുന്ന അനിശ്ചിത കാല സമരത്തിന്‍റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ വ്യാഴാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ശമ്പളപരിഷ്കരണ കുടിശ്ശിക അന്യായമായി നീട്ടുന്നത് അവസാനിപ്പിക്കുക, ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, കൂട്ടസ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക തുടങ്ങി വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സർക്കാർ ഉറപ്പുനൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ ഒന്നുമുതൽ കെ.ജി.എം.സി.ടി.എ പ്രതിഷേധത്തിലാണ്.
വ്യാഴാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനം ബഹിഷ്കരിക്കും. പരിഹാരം ഉണ്ടായില്ലെങ്കിൽ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ജനുവരി 27 ന് സെക്രട്ടേറിയറ്റിനുമുന്നിൽ രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെ ധർണ നടത്തും.
അന്നേ ദിവസം സൂചനയായി ഒ.പി. ബഹിഷ്കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളിൽനിന്ന് വിട്ടുനിൽക്കും. ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല അധ്യാപന ബഹിഷ്കരണത്തോടൊപ്പം ഒ.പിയും ബഹിഷ്കരിക്കും. അനിശ്ചിതകാല റിലേ സത്യഗ്രഹവും നടക്കും. ഫെബ്രുവരി 11 മുതൽ യൂനിവേഴ്സിറ്റി പരീക്ഷാ ജോലികൾ ബഹിഷ്കരിക്കും.
കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കെ.ജി.എം.സി.ടി.എ കോട്ടയം മെഡിക്കൽ കോളജ് ഭാരവാഹികളായ ഡോ. ഫെഡറിക്, ഡോ. സൗമ്യ പ്രകാശ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.