കുരുമുളക് വിപണിയിൽ വ്യാപക കൃത്രിമം; കർശന നടപടി ആവശ്യപ്പെട്ട് കർഷകരും

കോട്ടയം: സംസ്ഥാനത്തെ കുരുമുളക് വിപണിയിൽ കൃത്രിമം നടക്കുന്നെന്ന ആക്ഷേപം ശക്തം; കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമ്മർദത്തിന് കർഷകരും. ഉൽപാദനത്തിലെ ഇടിവ് മുതലെടുത്ത് ഗുണനിലവാരമില്ലാത്തത് വൻകിട കച്ചവടക്കാർ വ്യാപകമായി വിറ്റഴിക്കുകയാണെന്നും ഇതുമൂലം കർഷകർക്ക് ലഭിക്കേണ്ടവിലയാണ് നഷ്ടപ്പെടുത്തുന്നതെന്നും അവർ ആരോപിക്കുന്നു.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുരുമുളകിന്‍റെ ഉൽപാദനം 40 ശതമാനം കുറഞ്ഞെന്നാണ് അനൗദ്യോഗിക കണക്കുകൾ. ആ സാഹചര്യത്തിൽ സത്തെടുത്ത കുരുമുളക് ചണ്ടി കുരുമുളകിൽ കലർത്തി വൻകിട കച്ചവടക്കാർ വിപണിയിൽ വിൽക്കുന്നതായാണ് ആക്ഷേപം. ഇത് കർഷകർക്ക് ഉയർന്ന വില ലഭിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണെന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ‘മാധ്യമ’ത്തോട് പറഞ്ഞു.

മുൻകൂട്ടി ഓർഡർ എടുത്ത വിതരണക്കാർ മതിയായ കുരുമുളക് ലഭിക്കാത്ത സാഹചര്യം മറികടക്കാൻ കയറ്റുമതി ചെയ്യുന്ന കുരുമുളകിൽ ചണ്ടികലർത്തി വിൽപന നടത്തുന്നത് വർധിച്ചിരിക്കുന്നതായാണ് കർഷകരുടെ ആരോപണം. ഇത് ഇന്ത്യൻ കുരുമുളകിന്റെ വിദേശ മാർക്കറ്റിലെ സാധ്യതയെ തകർക്കുകയും തങ്ങൾക്ക് ഉയർന്ന വില ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണെന്നും കർഷകർ പരാതിപ്പെടുന്നു.

കൊള്ളലാഭമുണ്ടാക്കാൻ പൂഴ്ത്തി വയ്പ്പ് നടത്തിയവർക്ക് എതിരെ കർശനപരിശോധന നടത്തുകയും മാനദണ്ഡങ്ങൾ പാലിക്കാതെ കയറ്റുമതി ചെയ്യുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് കർശന നടപടി സ്വീകരിക്കണമെന്നുമാണ് കർഷകരുടെ പ്രധാനആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസർക്കാറിൽ സമ്മർദ്ദം ചെലുത്താൻ ഒരുങ്ങുകയാണ് കർഷകർ.

Tags:    
News Summary - Widespread manipulation in pepper market; Farmers demand strict action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.