പെരിനാട് പഞ്ചായത്ത് നിർമിച്ച പൊതുശൗചാലയം കാടുകയറിയനിലയിൽ
കുണ്ടറ: നിർമാണം പൂർത്തിയാക്കി മൂന്നുവർഷം കഴിഞ്ഞിട്ടും തുറന്നുനൽകാതെ പൊതു ശൗചാലയം. പെരിനാട് ഗ്രാമപഞ്ചായത്തിലെ പൊതു ഇടം പാർക്കിൽ ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച പബ്ലിക് കംഫർട്ട് സ്റ്റേഷനാണ് കാടുകയറി നശിക്കുന്നത്.
പെരിനാട് പഞ്ചായത്ത് ഓഫിസും വില്ലേജ് ഓഫിസും സ്ഥിതിചെയ്യുന്ന ഇവിടെ വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി നൂറുകണക്കിന് പേരാണ് എത്തിച്ചേരുന്നത്. ഇവിടെ വരുന്ന പൊതുജനങ്ങൾക്ക് ശൗചാലയത്തിൽ പോകാനുള്ള സൗകര്യമില്ല. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഈ ശൗചാലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിൽ പഞ്ചായത്ത് അലംഭാവം കാട്ടുകയാണ്.
ശൗചാലയത്തിനോട് ചേർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രവും ഓട്ടോറിക്ഷ സ്റ്റാൻഡുമുണ്ട്. ഇപ്പോൾ ഇതിന്റെ മുൻവശം മുഴുവനും കാടുകയറി ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ശൗചാലയം അടിയന്തരമായി പൊതുജനങ്ങൾക്ക് തുറന്നുനൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പെരിനാട് പഞ്ചായത്ത് അംഗം ഇടവട്ടം വിനോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.