-സർക്കാർ ഉത്തരവിന് വിരുദ്ധമായി ഹോട്ടലുകളിലേക്ക് പോകാൻ നിർബന്ധിക്കുന്നു ബംഗളൂരു: മറ്റു സംസ്ഥാനങ്ങളിൽനിന്ന് കർണാടകയിലേക്ക് മടങ്ങിയെത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത സർക്കാർ നിരീക്ഷണം ഏർപ്പെടുത്തിയതിനെ തുടർന്നുള്ള ആശയക്കുഴപ്പം ജനങ്ങളെ ദുരിതത്തിലാക്കുന്നു. സൗജന്യമായി നിൽക്കാവുന്ന സർക്കാർ ഏർപ്പെടുത്തിയ നിരീക്ഷണ കേന്ദ്രങ്ങൾ ആവശ്യത്തിലധികം ഉണ്ടെന്ന് അധികൃതർ പറയുമ്പോഴും അതിർത്തികളിൽനിന്നും പൊലീസ് ആളുകളെ നേരിട്ട് ഹോട്ടലുകളിൽ താമസിക്കാൻ നിർബന്ധിക്കുകയാണ്. ഒന്നുകിൽ തങ്ങൾ നിർദേശിക്കുന്ന ഹോട്ടലുകളിൽ പണം കൊടുത്ത് നിൽക്കുക, അല്ലെങ്കിൽ മടങ്ങിപ്പോവുക എന്ന തരത്തിലുള്ള അനൗൺസ്മൻെറുകളാണ് അതിർത്തികളിൽ പൊലീസ് നൽകുന്നത്. ഇതേ തുടർന്ന് ബംഗളൂരുവിന് പുറത്തുള്ള അതിർത്തികളിൽ ഉൾപ്പെടെ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ കുടുങ്ങിയത്. സർക്കാർ ഒരുക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിൽ പല സംസ്ഥാനങ്ങളിൽനിന്നും വന്നവരെ ഒന്നിച്ചാണ് താമസിപ്പിക്കുന്നതെന്ന പരാതിയും ഉയരുന്നുണ്ട്. പൊതു ടോയ്ലറ്റ് സൗകര്യവുമാണ് നൽകുന്നത്. ഇത് ഗ്രീൻ സോണുകളിൽനിന്ന് ഉൾപ്പെടെ എത്തുന്നവർക്ക് രോഗവ്യാപനമുണ്ടാകാനുള്ള സാധ്യതയാണ് ഉയർത്തുന്നത്. അതിർത്തിയിലെത്തുന്നവരോട് മടിവാളയിൽ ഹോട്ടൽ സൗകര്യം ഉണ്ട് എന്ന് പറഞ്ഞ് വാടക ഉൾപ്പെടെ പറഞ്ഞുകൊണ്ട് പൊലീസ് ആളുകളെ അയക്കുന്നുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. കേരളത്തിൽനിന്നും ഉൾപ്പെടെ വരുന്നവരാണ് ഇതോടെ ആശങ്കയിലായത്. സ്കൂളുകൾ, ഹോസ്റ്റലുകൾ, കല്യാണമണ്ഡപം തുടങ്ങിയവയാണ് സൗജന്യമായി കഴിയാവുന്ന സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളാക്കിയിട്ടുള്ളത്. സ്വന്തം ചെലവിൽ സർക്കാർ നിർദേശിക്കുന്ന ഹോട്ടലുകളിലും കഴിയാം. എന്നാൽ, ദിവസേന 1000വും 2000വുമൊക്കെ നൽകി നൽകി ഹോട്ടലുകളിൽ കഴിയാൻ ഭൂരിഭാഗം പേർക്കും കഴിയുന്നില്ല. ഇങ്ങനെയുള്ളവർക്ക് സൗജന്യ സർക്കാർ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം േപാലും അതിർത്തികളിൽ പൊലീസ് ഉൾപ്പെടെ ചെയ്തു നൽകുന്നുമില്ല. ഹോട്ടലിൽ താമസിക്കാൻ കഴിയാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും ഇതിന് ആവശ്യമായ സൗകര്യമുണ്ടെന്നുമുള്ള ഉത്തരവ് നിലനിൽക്കെയാണ് അതിർത്തികളിൽ ഇതിന് വ്യത്യസ്തമായ സമീപം സ്വീകരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ ചെന്നൈ, മുംബൈ, അഹ്മദാബാദ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും രോഗവ്യാപനം കുറഞ്ഞ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നും എത്തിയവരും ഒന്നിച്ച് സർക്കാർ കേന്ദ്രങ്ങളിൽ കഴിയേണ്ടിവരുെമന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ നാലു ദിവസമായി മുംബൈ, അഹ്മദാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് എത്തിയവർക്കാണ് സംസ്ഥാനത്ത് കൂടുതലായി രോഗം സ്ഥിരീകരിച്ചത്. അതിനാൽ തന്നെ നിർബന്ധിത നിരീക്ഷണം ഒഴിവാക്കാനാകില്ല. എന്നാൽ, ഗ്രീൻ സോണിൽനിന്നും എത്തുന്നവരെ വീട്ടിൽ നിരീക്ഷണത്തിലാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. റെഡ് സോണുകളിൽനിന്നും എത്തുന്നവരെ സർക്കാർ കേന്ദ്രങ്ങളിൽ വെവ്വേറെ താമസിപ്പിക്കണം. അതേസമയം, സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകാതിരിക്കാൻ പ്രധാന റോഡുകളിൽനിന്നും പൊലീസ് പരിശോധനയില്ലാത്ത വഴികളിലൂടെയും പലരും ബംഗളൂരുവിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.