1610 കോടിയുടെ ആശ്വാസ പാക്കേജ്

ബാർബർമാർ, പൂകർഷകർ, കാബ് ഡ്രൈവർമാർ തുടങ്ങിയവർക്ക് പാക്കേജിൻെറ ഗുണം ലഭിക്കും ബംഗളൂരു: ലോക്ഡൗൺ കാരണം തൊഴിൽ പ്രതിസന്ധി നേരിടുന്നവർക്കായി കർണാടക സർക്കാറിൻെറ പ്രത്യേക പാക്കേജ്. 1610 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചത്. കർണാടകയിൽ ലോക്ഡൗൺ കാരണം ഏറ്റവും കൂടുതൽ പ്രയാസം നേരിട്ട പൂകർഷകർക്ക് ഹെക്ടറിന് 25,000 രൂപ വീതമാണ് ധനസഹായം. 11,687 ഹെക്ടറിലാണ് ഇത്തവണ പൂകൃഷിയിറക്കിയത്. പഴം, പച്ചക്കറി കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് തയാറാക്കിയിട്ടുണ്ടെന്നും പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ബാര്‍ബര്‍മാര്‍, അലക്കുതൊഴിലാളികൾ എന്നിവർക്ക് 5000 രൂപ വീതം ലഭിക്കും. സംസ്ഥാന തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത 60,000 അലക്കുതൊഴിലാളികള്‍ക്കും 2,30,000 ബാര്‍ബര്‍മാര്‍ക്കും ഇൗ ആനുകൂല്യം ലഭിക്കും. നെയ്ത്തുതൊഴിലാളികള്‍ക്കായി 'വീവര്‍ സമ്മാന്‍ യോജന' സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൈത്തറി നെയ്ത്തുകാരുടെ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നേരിട്ട് 2000 രൂപ വീതം നല്‍കും. നെയ്ത്തുകാര്‍ക്കായി പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു. നേരേത്ത നെയ്ത്തുകാരുടെ വായ്പ എഴുതിത്തള്ളല്‍ പദ്ധതിക്കായി 109 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതില്‍ 29 കോടി രൂപ 2019-20 കാലയളവില്‍ നല്‍കിയിരുന്നു. ബാക്കി 80 കോടി രൂപ ഉടന്‍ വിതരണം ചെയ്യും. ഇതോടെ നെയ്ത്തു തൊഴിലാളികള്‍ക്ക് ബാങ്കില്‍നിന്ന് പുതിയ ലോണ്‍ എടുക്കാനാവും. 2019 ഏപ്രില്‍ ഒന്നുമുതല്‍ 2020 മാര്‍ച്ച് 31 വരെ ലോണ്‍ തിരിച്ചടവു നടത്തിയ നെയ്ത്തുതൊഴിലാളികള്‍ക്ക് തുക തിരികെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്കായി 5000 രൂപ നല്‍കും. സംസ്ഥാനത്തെ 7,75,000 ഡ്രൈവര്‍മാര്‍ക്ക് ഇതിൻെറ ഗുണം ലഭിക്കും. നിര്‍മാണ തൊഴിലാളികള്‍ക്കുള്ള പാക്കേജും മുഖ്യമന്ത്രി വിവരിച്ചു. രജിസ്റ്റർ ചെയ്ത 15.80 ലക്ഷം നിര്‍മാണ തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 11.80 ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്ക് ഇതിനകം 2000 രൂപ വീതം അക്കൗണ്ടിൽ നൽകിയതായും വിവരം ശേഖരിച്ചശേഷം ബാക്കിയുള്ള നാലു ലക്ഷം പേരുടെ അക്കൗണ്ടിലേക്ക് ഉടന്‍ പണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വന്‍കിട വ്യവസായങ്ങളുടെ വൈദ്യുതി ബില്ലുകളില്‍ മിനിമം ചാര്‍ജ് അടക്കുന്നത് പിഴയും പലിശയും കൂടാതെ രണ്ടു മാസത്തേക്ക് മാറ്റിെവക്കും. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഉൽപാദന നഷ്ടം നികത്താന്‍ സഹായിക്കും. ഇവയുടെ വൈദ്യുതിനിരക്കിലെ പ്രതിമാസ നിശ്ചിത ചാര്‍ജുകള്‍ രണ്ടുമാസത്തേക്ക് എഴുതിത്തള്ളും. എല്ലാ വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ക്കുമുള്ള വൈദ്യുതി ചാര്‍ജ് ഇളവുകളും അദ്ദേഹം പ്രഖ്യാപിച്ചു. നിശ്ചിത സമയത്ത് ബില്ലുകള്‍ അടയ്ക്കുന്ന ഉപഭോക്താവിന് ആനുകൂല്യങ്ങളും ഇളവുകളും നല്‍കും. ബില്‍ അടയ്ക്കാന്‍ താമസിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കില്ല. മുന്‍കൂട്ടി ബില്ലുകള്‍ അടയ്ക്കുന്ന ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കും. ബാലന്‍സ് ബില്‍ തുക തവണകളായി അടയ്ക്കാന്‍ അവസരം നല്‍കും. വൈദ്യുതി ബില്‍ തുക അടക്കാത്തതിൻെറ പേരില്‍ ജൂണ്‍ 30 വരെ ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.