ആലപ്പുഴ: ‘പ്രിയപ്പെട്ട കലക്ടർ ചേച്ചിക്ക്, ഞാൻ അഭിനന്ദ് എസ്. കുമാറും അനുജൻ അഭിനവ് എസ്. കുമാറും. കല്ലുമല വിദ്യാപീഠം സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥികളാണ്. മാവേലിക്കര നഗരസഭയുടെ ഒമ്പതാം വാർഡിലെ റീത്തുപള്ളി -മഞ്ഞാടി റോഡിെൻറ ചെറിയൊരു ഭാഗം ടാറിങ് നടത്താത്തതിെൻറ ദുരിതങ്ങൾ ചേച്ചിയുടെ മുമ്പിൽ അവതരിപ്പിക്കാനാണ് ഞങ്ങൾ എത്തിയത്. ഇതിന് പരിഹാരം കാണണം’. കത്തുമായി മാവേലിക്കര സേവനസ്പർശത്തിനെത്തിയ കുരുന്നുകളായ ഇരട്ടകൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മാവേലിക്കര കോട്ടാൽ വീട്ടിൽ കെ.പി. സുരേഷ്കുമാറിെൻറ മക്കളാണിവർ. കലക്ടർ വീണ എൻ. മാധവൻ കാര്യങ്ങൾ വിശദമായി തിരക്കി. അപ്പോഴാണ് റോഡിെൻറ മുക്കാൽ ഭാഗവും പണി നഗരസഭ പൂർത്തിയാക്കിയെന്നും അനുവദിച്ച തുക തികയാതെവന്നതിനാൽ 200 മീറ്റർ കൂടി തീരാനുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചത്. ഈ ഭാഗത്തെ യാത്രാദുരിതം ഏറെയാണ്. കഴിഞ്ഞ ദിവസം കുട്ടികൾ സഞ്ചരിച്ച വാൻ ബ്രേക്ക് ചെയ്യേണ്ടിവന്നപ്പോൾ വീണ് അഭിനന്ദിന് പരിക്കുപറ്റിയിരുന്നു. അതോടെയാണ് പരിഹാരം തേടി കലക്ടറുടെ സേവനസ്പർശത്തിൽ എത്തിയത്. കലക്ടർ മാവേലിക്കര നഗരസഭ സെക്രട്ടറി ഡി. സാജുവിനോടും എക്സിക്യൂട്ടിവ് എൻജിനീയറോടും വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ഈ സാമ്പത്തിക വർഷം ആദ്യംതന്നെ കൗൺസിലിെൻറ പരിഗണനയിൽ പ്രശ്നം അവതരിപ്പിച്ച് ബാക്കി റോഡുകൂടി അടിയന്തരമായി പണി പൂർത്തിയാക്കാൻ സെക്രട്ടറിക്ക് കലക്ടർ നിർദേശം നൽകി. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് എക്സിക്യൂട്ടിവ് എൻജിനീയറോടും ആവശ്യപ്പെട്ടിട്ടുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലേക്കുള്ള കുട്ടികളും ഇതുവഴി പോകുന്നുണ്ട്. കലക്ടറുടെ ഉറപ്പിൽ ഏറെ സന്തോഷത്തോടെയാണ് സഹോദരങ്ങൾ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.