ക​ട​ലാ​ക്ര​മ​ണം തു​ട​രു​ന്നു

അമ്പലപ്പുഴ: ശക്‌തമായ വേലിയേറ്റംമൂലം അമ്പലപ്പുഴയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം തുടരുന്നു. രണ്ട് വീട് പൂർണമായും ഒരുവീട് ഭാഗികമായും തകർന്നു. പതിനഞ്ചോളം വീടുകൾ തകർച്ചഭീഷണി നേരിടുന്നു. നൂറോളം വീടുകളിൽ വെള്ളം കയറി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വണ്ടാനം പടിഞ്ഞാറ് പുതുവൽ ശാന്തകുമാർ, സുഗതൻ എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്. പുതുവൽ പ്രീതയുടെ വീട് ഭാഗികമായി തകർന്നു. പുറക്കാട്, കരൂർ, പുന്തല, വണ്ടാനം, നീർക്കുന്നം മേഖലകളിലാണ് വീടുകൾ തകർച്ചഭീഷണിയിൽ. പുലിമുട്ടും കടൽഭിത്തിയും കവിഞ്ഞാണ് വെള്ളം കയറുന്നത്. വീടുകളിൽ കയറിയ വെള്ളം ഫയർഫോഴ്സ് എത്തി ഒഴുക്കിക്കളയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് നാട്ടുകാർ പമ്പുകളും മറ്റും ഉപയോഗിച്ച് വെള്ളം വറ്റിക്കുകയായിരുന്നു. വഴഞ്ഞവഴി മുതൽ നീർക്കുന്നം, വണ്ടാനം പ്രദേശങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ തുടങ്ങിയ കടലാക്രമണം രാത്രിയിലും തുടർന്നു. തീരദേശവാസികൾ വളരെ ആശങ്കയോടെയാണ് കഴിയുന്നത്. ഇവിടെ പുലിമുട്ട് ഇല്ലാത്തതിനാൽ കടൽഭിത്തിയുടെ മുകളിലൂടെയാണ് തിരമാല കയറുന്നത്. കടൽവെള്ളം കരയിലൂടെ ഒഴുകി വീടുകളിൽ എത്തുന്നു. നിലവിലെ കടൽഭിത്തിയുള്ള ഭാഗം കടലാക്രമണത്തിന് സംരക്ഷണം നൽകുന്നില്ല. കല്ലില്ലാത്ത ഭാഗത്തുകൂടി കടൽക്ഷോഭ സമയത്ത് തിര കയറി വീടുകൾക്ക് ഭീഷണിയാവുകയാണ്. കഴിഞ്ഞവർഷത്തെ കടലാക്രമണത്തിൽ തീരവാസികൾക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടിരുന്നു. നിലവിലെ കടൽഭിത്തി അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാത്തതാണ് കടലാക്രമണത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ തീരപ്രദേശങ്ങളായ ഒന്ന്, 15, 16, 17 വാർഡുകളിലെ 600 മീറ്റർ കടൽത്തീരം കടൽഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മാത്യു ടി. തോമസിന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെംബർ യു.എം. കബീർ, ഗ്രാമപഞ്ചായത്ത് അംഗം എൻ. ഷിനോയ് എന്നിവർ നിവേദനം നൽകി. അമ്പലപ്പുഴ, പുറക്കാട് തീരപ്രദേശങ്ങളിൽ കടലാക്രമണമുണ്ടായി നിരവധി കുടുംബങ്ങൾ ഭവനരഹിതരായിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിൽ ഡി.സി.സി പ്രസിഡൻറ് എം. ലിജു പ്രതിഷേധിച്ചു. തീരസംരക്ഷണത്തിന് കടൽ ഭിത്തിയും പുലിമുട്ടും നിർമിക്കുന്നതിനെ എതിർക്കുന്ന ഫിഷറീസ് വകുപ്പ് മന്ത്രിയുടെ സമീപനം തീരദേശ ജനതയോടുള്ള വെല്ലുവിളിയാണെന്നും ലിജു കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.