എസ്.എസ്.എല്‍.സി പരീക്ഷ നാളെ തുടങ്ങും; ജില്ലയില്‍ 25,111 വിദ്യാര്‍ഥികള്‍

ആലപ്പുഴ: എസ്.എസ്.എല്‍.സി പരീക്ഷ ബുധനാഴ്ച തുടങ്ങും. ട്രഷറികള്‍, ബാങ്കുകള്‍ എന്നിവയുടെ 18 കേന്ദ്രങ്ങളിലായുള്ള സ്ട്രോങ് റൂമുകളിലുള്ള ചോദ്യപേപ്പറുകള്‍ ബുധനാഴ്ച രാവിലെയെ തുറക്കൂ. അതത് ദിവസത്തെ ചോദ്യപേപ്പര്‍ ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ഓരോ പരീക്ഷ കേന്ദ്രത്തിലും എത്തിക്കുക. ഇതിനായി എട്ട് സ്കൂളുകള്‍ക്ക് ഒന്ന് എന്ന രീതിയില്‍ ക്ളസ്റ്റര്‍ രൂപവത്കരിച്ചിട്ടുണ്ട്. 200 പരീക്ഷ കേന്ദ്രങ്ങള്‍ക്കായി നാല് വിദ്യാഭ്യാസ ജില്ലകളിലുമായി 34 ക്ളസ്റ്ററുകളാണുള്ളത്. ഉച്ചക്ക് 12നകം അതത് കേന്ദ്രങ്ങളില്‍ ചോദ്യപേപ്പര്‍ എത്തിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഇതിനകം തയാറാക്കിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്‍ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള വിവിധ സംഘങ്ങള്‍ പരീക്ഷ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായ സന്ദര്‍ശനം നടത്തും. കഴിഞ്ഞ മൂന്നുദിവസങ്ങളായി ലഭിച്ച ചോദ്യപേപ്പറുകളുടെ തരംതിരിക്കലും മറ്റു നടപടികളും പൂര്‍ത്തിയാക്കിയാണ് ചോദ്യപേപ്പറുകള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റിയത്. ഇവക്ക് പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 കേന്ദ്രങ്ങളിലായി 2294 അധ്യാപകരാണ് പരീക്ഷ ചുമതലയിലുള്ളത്. ഇക്കുറി ജില്ലയില്‍ 25,111 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.