നിര്‍മാണ അഴിമതി: ഭൂതത്താന്‍കെട്ടില്‍ വിജിലന്‍സ് പരിശോധന തുടരുന്നു

കോതമംഗലം: ഭൂതത്താന്‍കെട്ടിലെ നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അഴിമതി സംബന്ധിച്ച പരാതി പരിശോധിക്കാനത്തെിയ വിജിലന്‍സ് സംഘം ശനിയാഴ്ചയും പരിശോധന തുടര്‍ന്നു. വിജിലന്‍സ് കൊച്ചി യൂനിറ്റിലെ ഡിവൈ.എസ്.പി എം.പി. രമേശിന്‍െറ നേതൃത്വത്തിലെ സംഘമാണ് അന്വേഷണം നടത്തുന്നത്. ഭൂതത്താന്‍കെട്ടില്‍ ജലസേചനവകുപ്പും ടൂറിസം വകുപ്പും നടത്തിയ നിര്‍മാണങ്ങളിലെ അഴിമതി ആരോപണങ്ങളെ സംബന്ധിച്ചും നിര്‍മാണപ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളുമാണ് വിജിലന്‍സ് സംഘം പരിശോധിക്കുന്നത്. പ്രാഥമിക തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി പരാതി സംബന്ധിച്ച നിജസ്ഥിതി ഉറപ്പുവരുത്തി കേസെടുക്കാനുള്ള ശ്രമമാണ് വിജിലന്‍സ് നടത്തുന്നത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാനകാലത്ത് ഇവിടെ നടപ്പാക്കിയ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദ തെളിവെടുപ്പിനാണ് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍ല്‍കിയിരിക്കുന്നത്. ഡാമിന്‍െറ തീരസംരക്ഷണവും സൗന്ദര്യവത്കരണവും ഡാമിന് കുറുകെയുള്ള ചെക്ക്ഡാം നിര്‍മാണവും അടക്കമുള്ള പദ്ധതികളെക്കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇവിടെ നടപ്പാക്കിയ പദ്ധതികള്‍ക്കുവേണ്ടി ബാഹ്യ ഇടപെടലുകള്‍ ശക്തമായിരുന്നെന്നും ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് കോടികള്‍ സമ്പാദിച്ചെന്നുമുള്ള പ്രദേശവാസിയായ ഒരാളുടെ പരാതിയത്തെുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം. വിനോദസഞ്ചാരകേന്ദ്രമായ ഇവിടം മോടിപിടിപ്പിക്കുന്നതിന് കഴിഞ്ഞകാലങ്ങളില്‍ ജലസേചന വകുപ്പ് നടത്തിയ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെയുള്ളത്. ഒരേ പ്രവൃത്തിയുടെ പേരില്‍ രണ്ടുതവണ ബില്‍ മാറിയതായി അടക്കമുള്ള പരാതികളാണ് വിജിലന്‍സിന് ലഭിച്ചിട്ടുള്ളത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച തുടങ്ങിയ പരിശോധന ശനിയാഴ്ചയും തുടര്‍ന്നു. ഭൂതത്താന്‍കെട്ടിലെ സബ് ഡിവിഷന്‍ ഓഫിസിലും സെക്ഷന്‍ ഓഫിസിലും പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.