കൈയേറ്റക്കാരുടെ പിടിയിലമര്‍ന്ന് പൂമലച്ചാല്‍

ചെങ്ങന്നൂര്‍: കൈയേറ്റക്കാരുടെ പിടിയലമര്‍ന്ന പൂമലച്ചാല്‍ മോചനം കാത്ത് കിടക്കുന്നു. ഇക്കോ ടൂറിസം പദ്ധതിക്ക് ഏറെ അനുയോജ്യമായതും മനോഹാരിതകൊണ്ട് ഏവരെയും ആകര്‍ഷിക്കുന്ന ഒന്നുമായിരുന്നു ചെങ്ങന്നൂര്‍ നഗരഹൃദയത്തോട് ചേര്‍ന്നുകിടക്കുന്ന ആലാ പഞ്ചായത്തിലെ പൂമലച്ചാല്‍. എം.സി റോഡില്‍ ഹാച്ചറി ജങ്ഷനില്‍നിന്ന് ഒരു കി.മീ. ദൂരത്തുള്ള പൂമലച്ചാലിന് 30 ഏക്കര്‍ വിസ്തീര്‍ണമാണുള്ളത്. കിലോമീറ്റര്‍ ദൂരമുള്ള ഈ ജലാശയം ഒരുകാലത്ത് താമരപ്പൂക്കളാല്‍ മനോഹരമായിരുന്നു. ഏറ്റവും വലിയ ശുദ്ധജല സംഭരണിയുമായിരുന്നു. ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളില്‍ നടക്കുന്ന പൂജാദികാര്യങ്ങള്‍ക്കും ഇവിടെനിന്ന് ശേഖരിക്കുന്ന താമരപ്പൂക്കളായിരുന്നു ഉപയോഗിച്ചിരുന്നത്. വൈകുന്നേരങ്ങളില്‍ പൂമലച്ചാലിന്‍െറ മനോഹാരിത ആസ്വദിക്കാന്‍ എത്തുന്നവരുടെയും തിരക്കേറിയതോടെയാണ് ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്. പദ്ധതി നടപ്പായാല്‍ ചെങ്ങന്നൂരിന്‍െറ വികസനത്തിനുള്ള പാതയാണ് തുറക്കപ്പെടുന്നത്. പാണ്ഡവന്‍ പാറയും നൂറ്റവന്‍ പാറയും കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുമ്പോള്‍ ചെങ്ങന്നൂരില്‍ എത്തുന്നവര്‍ക്ക് പുത്തന്‍കാഴ്ച ഒരുക്കും. ഈ ആവശ്യത്തിന് പ്രതീക്ഷകള്‍ നല്‍കുന്ന തരത്തിലാണ് പൂമലച്ചാലില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാനം 1999ല്‍ ഉണ്ടായത്. പദ്ധതിക്ക് അഞ്ചുലക്ഷം രൂപ അനുവദിച്ചതായും പറഞ്ഞിരുന്നു. എന്നാല്‍, പദ്ധതി കടലാസില്‍ ഒതുങ്ങി. 2002ല്‍ വീണ്ടും ഇക്കോ ടൂറിസം പദ്ധതി പ്രഖ്യാപനം ഉണ്ടായെങ്കിലും അതും പഴയ നിലയിലേക്ക് പോവുകയായിരുന്നു. മനോഹരമായ ചാലിന്‍െറ നാലുകരയും കൈയേറ്റക്കാരുടെ പിടിയിലേക്ക് പടിപടിയായി എത്തിപ്പെടുകയായിരുന്നു. മണ്ണിട്ട് നികത്തിയും കല്ലുകെട്ടി തിരിച്ചും ചാലിന്‍െറ ഓരോ ഭാഗവും കൈയേറി കൈവശപ്പെടുത്തി. പൂമലച്ചാലിന്‍െറ ഏകദേശം പകുതിയോളം ഇന്ന് കൈയേറ്റക്കാരുടെ കൈകളിലായി. ചാല്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ നടത്തുന്ന പോരാട്ടം ഇപ്പോഴും തുടരുകയാണ്. ജലാശയങ്ങളും നീരൊഴുക്ക് തോടുകളും സംരക്ഷിക്കണമെന്ന നിയമം നിലവിലുള്ളപ്പോഴാണ് പൂമലച്ചാല്‍ കൈയേറ്റക്കാരുടെ കൈകളിലേക്ക് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.