ചേർത്തല: നിയമസഭാ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിൽ ഒരിടത്തെ ഭരണം കൂടി പിടിച്ചെടുത്ത് യു.ഡി.എഫ് നിലമെച്ചപ്പെടുത്തി. അതേസമയം ചേർത്തല നഗരസഭയിൽ എൽ.ഡി.എഫ് 18ൽ നിന്ന് സീറ്റുകളുടെ എണ്ണം 21 ആക്കി ഉയർത്തിയിട്ടുണ്ട്. ചേർത്തല തെക്ക് പഞ്ചായത്താണ് യു.ഡി.എഫ് പിടിച്ചെടുത്തത്. കൈവശമുണ്ടായിരുന്ന കടക്കരപ്പള്ളി, പട്ടണക്കാടും നിലനിർത്തുകയും ചെയ്തു. തണ്ണീർമുക്കം, കഞ്ഞിക്കുഴി, വയലാർ, മുഹമ്മ എന്നീ ഗ്രാമ പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലും എൽ.ഡി.എഫ് ഭരണം നിലനിർത്തി.
ബി.ജെ.പി നഗരസഭയിൽ അംഗസംഖ്യ മൂന്നിൽ നിന്ന് നാലായി വർധിപ്പിച്ചു. കടക്കരപ്പള്ളി പഞ്ചായത്തിൽ കോൺഗ്രസ് ഭരണം നിലനിർത്തി. ബി.ജെ.പിക്ക് ഇവിടെ അക്കൗണ്ട് തുറക്കാനായില്ല. ജില്ല പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥിയായി ഇത്തവണ മത്സരിച്ച പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ജയിംസ് ചിങ്കുതറ ഡിവിഷൻ എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. വയലാര്‍ രക്തസാക്ഷി സ്മാരകം ഉള്‍പ്പെടുന്ന വയലാര്‍ പഞ്ചായത്തിലെ 17-വാര്‍ഡുകളില്‍ 14-ഉം നേടി എല്‍.ഡി.എഫിന് മിന്നുന്ന വിജയം കരസ്ഥമാക്കി. എന്‍.ഡി.എ 13-വാര്‍ഡുകളില്‍ മത്സരിച്ചെങ്കിലും ഒരിടത്തും വിജയിച്ചില്ല.
ഇടത് കോട്ടയായ മുഹമ്മ ഗ്രാമപഞ്ചായത്തിൽ ഇത്തവണയും എൽ.ഡി.എഫിന് ഭരണം നിലനിർത്താനായി. 12 - 05 ആണ് ഇവിടെ കക്ഷിനില. എൻ.ഡി.എക്ക് സീറ്റുകൾ ഒന്നും ലഭിച്ചില്ല. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. ആകെയുള്ള 19 സീറ്റിൽ 17 ഉം എൽ.ഡി.എഫ് നേടി. ബി.ജെ.പി നിലം തൊട്ടില്ല. ചേർത്തല തെക്ക് പഞ്ചായത്തിൽ 13 സീറ്റുകൾ നേടിയാണ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. എൽ.ഡി.എഫിന് 10 സീറ്റിൽ ഒതുങ്ങേണ്ടിവന്നു. എൻ.ഡി.എ ഒരു സീറ്റ് നേടി.
പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് ഭരണം നിലനിർത്തി. ഭരണത്തെ ചൊല്ലി വലിയ വിവാദങ്ങൾ ഉണ്ടായ പഞ്ചായത്തായിരുന്നു പട്ടണക്കാട്. വിവാദങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് വീണ്ടും അധികാരം യു.ഡി.എഫ് നേടിയത്. എൽ.ഡി.എഫ് എട്ട് സീറ്റിൽ നേടിയപ്പോൾ യു.ഡി.എഫ് 13 സീറ്റുകൾ നേടിയാണ് വിജയം കൈവരിച്ചത്. ബി.ജെ.പിക്ക് ഒരു വാർഡിൽ പോലും അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.