കായംകുളം: നിയോജക മണ്ഡലത്തിൽ നഗരം നഷ്ടമായെങ്കിലും ഗ്രാമങ്ങളിൽ കരുത്തുകാട്ടി ഇടതിന്റെ പടയോട്ടം. ചെട്ടികുളങ്ങര, പത്തിയൂർ, ഭരണിക്കാവ്, ദേവികുളങ്ങര പഞ്ചായത്തുകളിൽ ഭരണം നിലനിർത്തിയതിനൊപ്പം കണ്ടല്ലൂരിൽ അട്ടിമറി വിജയവും നേടിയാണ് ഇവർ തിളങ്ങിയത്. കൃഷ്ണപുരത്ത് മാത്രമാണ് യു.ഡി.എഫിന് കഷ്ടിച്ച് മുഖം രക്ഷപ്പെടുത്താനായത്. എല്ലാ കണക്ക് കൂട്ടലുകളെയും തെറ്റിച്ച നേട്ടമാണ് പഞ്ചായത്തുകളിൽ ഇടതുപക്ഷം നേടിയിരിക്കുന്നത്.
ഇടത് ശക്തികേന്ദ്രങ്ങളിൽ വിള്ളലുണ്ടാക്കി നേട്ടം കൊയ്യാൻ രംഗത്തിറങ്ങിയ എൻ.ഡി.എക്ക് പത്തിയൂരിൽ കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ സംഭവിച്ച വീഴ്ചക്ക് പരിഹാരം കാണാനും പത്തിയൂരിലെ ഇടതുപക്ഷത്തിന് കഴിഞ്ഞു. 21 ൽ 18 സീറ്റുകൾ നേടിയാണ് ഇവിടെ ഭരണം നിലനിർത്തിയത്. മൂന്നിടത്ത് യു.ഡി.എഫ് വിജയിച്ചപ്പോൾ സംസ്ഥാന നേതൃത്വം പ്രത്യേകം കണ്ണുവെച്ച പഞ്ചായത്തിൽ ഒരിടത്ത് പോലും ബി.ജെ.പിക്ക് മുന്നേറാനായില്ല.
കൈവശമുണ്ടായിരുന്ന നാല് സിറ്റിങ് വാർഡുകളും നഷ്ടമായ ബി.ജെ.പിക്ക് മുഖം നഷ്ടമായ സ്ഥിതിയായി. സി.പി.എം ഏരിയ സെന്റർ അംഗവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ബിബിൻ സി. ബാബുവിന്റെ വരവോടെ പഞ്ചായത്ത് തങ്ങൾ സ്വന്തമാക്കുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നാമത് എത്തിയത് നൽകിയ ആത്മവിശ്വാസത്തിൽ പ്രത്യേക ഉൗന്നൽ നൽകിയായിരുന്നു പ്രവർത്തനം.
എന്നാൽ സംഘടന ദൗർബല്യങ്ങൾ പരിഹരിച്ചും വീഴ്ചകൾ തിരിച്ചറിഞ്ഞും സി.പി.എം നടത്തിയ ഇടപെടലുകളാണ് അവരുടെ വോട്ട് ചോർച്ച തടയാനുന്നതിന് സഹായകമായത്.ബി.ജെ.പി പ്രതീക്ഷവെച്ച ചെട്ടികുളങ്ങരയിലും ഇടതുപക്ഷം തന്നെ ഭരണം നിലനിർത്തുന്ന തരത്തിലാണ് നിലവിലെ സ്ഥിതി.
നിലവില 22 ൽ 11 വാർഡുകളാണ് ഇവിടെ നേടിയത്. ബി.ജെ.പി എട്ട്, കോൺഗ്രസ് രണ്ട്, വിമതൻ ഒന്ന് എന്നതാണ് മറ്റുള്ളവരുടെ കക്ഷിനില. കഴിഞ്ഞതവണ സി.പി.എമ്മിന് 14 ഉം ബി.ജെ.പിക്ക് ആറും സീറ്റുകളുണ്ടായിരുന്നു. ഭരണിക്കാവിൽ 14 വാർഡുകളിൽ വിജയം നേടിയാണ് ഇടതുപക്ഷം ഭരണം നിലനിർത്തിയത്. ഭരണം തിരികെ പിടിക്കുമെന്ന പ്രതീക്ഷയിലായിരുന്ന യു.ഡി.എഫിന് ഏഴ് വാർഡുകളിലെ വിജയിക്കാനായുള്ളു. ഒരിടത്ത് ബി.ജെ.പി വിജയിച്ചു.
യു.ഡി.എഫ് കുത്തക പഞ്ചായത്തായിരുന്ന കണ്ടല്ലൂരിൽ അട്ടിമറി വിജയമാണ് ഇടതുപക്ഷം നേടിയത്. 15ൽ 10 വാർഡുകൾ സ്വന്തമാക്കിയാണ് പഞ്ചായത്ത് ഭരണം പിടിച്ചിരിക്കുന്നത്. നിലവിലെ ഭരണകക്ഷിയായ യു.ഡി.എഫിന് നാല് പേരെ മാത്രമെ വിജയിപ്പിക്കാനായുള്ളു. ഒരു വാർഡ് ബി.ജെ.പിയും നേടി.
15 ൽ ഏഴ് പേരുടെ പിൻബലത്തിൽ ഇടതുപക്ഷം ഭരണം നടത്തിയിരുന്ന ദേവികുളങ്ങരയിൽ ഒരു വാർഡ് വർധിച്ചിട്ടും ഏഴ് പേരെ മാത്രമെ വിജയിപ്പിക്കാനായുള്ളു. ഇവിടെ യു.ഡി.എഫ് ആറും ബി.ജെ.പി മൂന്നും വാർഡുകൾ നേടിയിട്ടുണ്ട്. 16 ൽ എട്ട് വാർഡുകൾ നേടിയ യു.ഡി.എഫ് ഇക്കുറിയും കൃഷ്ണപുരത്ത് ഭരണത്തിൽ തുടരും. ഇവിടെ എൽ.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് വാർഡുകൾ വീതമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 17 ൽ കോൺഗ്രസ് ഏഴ്, സി.പി.എം ആറ്, ബി.ജെ.പി നാല് എന്നതായിരുന്നു കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.