പാമ്പുകളെക്കുറിച്ചുള്ള മുത്തശ്ശിക്കഥകള്‍ പലതും തെറ്റ് –വാവ സുരേഷ്

ആലപ്പുഴ: സ്നേക്മാസ്റ്റര്‍ വാവ സുരേഷിന് പറയാനുള്ളത് ഒന്നുമാത്രം. പാമ്പുകളെ ഇനിയും വിഷപ്പാമ്പുകളെന്ന് വിളിക്കരുത്. പാമ്പുകളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പലവിധ തെറ്റായ ധാരണകളുണ്ട്. അത് തിരുത്താന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്നേഹക്കൂട്ടം ആരോഗ്യകൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗവ. മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരോഗ്യ-പരിസ്ഥിതി സംരക്ഷണ ലഹരിമുക്ത സെമിനാറിനോടുബന്ധിച്ച് ‘പാമ്പും പരിസ്ഥിതിയും മനുഷ്യനും’ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പാമ്പുകളോട് സൗമ്യമായി പെരുമാറുകയാണ് വേണ്ടത്. പാമ്പുകളെ അപേക്ഷിച്ച് ഇപ്പോള്‍ മനുഷ്യര്‍ക്കാണ് വിഷവും പകയും കൂടുതല്‍. താന്‍ പലപ്പോഴും ഇവരുടെ ഇരയായിട്ടുണ്ട്. പാമ്പിന്‍െറയും മറ്റും കടിയേറ്റ് അത്യാസന്നനിലയില്‍ കഴിഞ്ഞപ്പോഴും സഹായിക്കാന്‍ വിളിച്ചവര്‍ തിരിഞ്ഞുനോക്കിയില്ല. സര്‍ക്കാര്‍പോലും കൈവിട്ടു. നല്ല മനസ്സ് ഉള്ളതുകൊണ്ട് മരണം കൊണ്ടുപോയില്ല. ഇതുപറയുമ്പോള്‍ അദ്ദേഹത്തിന്‍െറ ശബ്ദം ഇടറി. സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. സേവനം ആവശ്യപ്പെട്ട് കേരളത്തിന്‍െറ അങ്ങോളമിങ്ങോളമുള്ള ആളുകള്‍ വിളിക്കുന്നതാണ്. കേരളത്തില്‍ എവിടെയും തന്‍െറ സേവനം ആര്‍ക്കും ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാമ്പുകളെ സംബന്ധിച്ച് പ്രചരിപ്പിച്ച മുത്തശ്ശിക്കഥകള്‍ പലതും തെറ്റാണ്. പാമ്പുകളെ തുരത്താന്‍ വെളുത്തുള്ളി ചതച്ച് വെള്ളത്തില്‍ കലക്കി ഒഴിക്കുന്നത് കാണാം. ഇത് അന്ധവിശ്വാസത്തിന്‍െറ ഭാഗമാണ്. ചെരിപ്പിട്ട് ശബ്ദമുണ്ടാക്കി നടന്നാല്‍ പറമ്പുകളില്‍ ഒളിച്ചിരിക്കുന്ന പാമ്പുകള്‍ വഴിമാറും. ഘോരസര്‍പ്പങ്ങളും മറ്റ് വന്യ ജീവികളുമായി ചങ്ങാത്തം തുടങ്ങിയിട്ട് 28 വര്‍ഷമായി. 602 തവണ പാമ്പുകടിയേറ്റു. അടിക്കടി പാമ്പുകടി ഏല്‍ക്കുന്നതുമൂലം ശരീരത്തില്‍ ചില മാറ്റങ്ങളുണ്ടായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. അളവില്‍ കൂടുതല്‍ ആന്‍റിവെനം ശരീരം ഉല്‍പാദിപ്പിക്കുന്നതിനാല്‍ പാമ്പുകളുടെ ചെറിയ കടി ഏറ്റാല്‍പോലും പ്രശ്നമില്ല. ഇത് ഡോക്ടര്‍മാര്‍ക്ക് ഒരു അദ്ഭുതമായിട്ടുണ്ട്. തന്‍െറ ശരീരം കൂടുതല്‍ പഠന ഗവേഷണങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തണമെന്നാണ് അവരുടെ നിര്‍ദേശം. പാമ്പുകടിയേറ്റാല്‍ പേടിക്കരുത്. മുറിവിന് മുകളിലായി അല്‍പം അയച്ചുകെട്ടി ആശുപത്രിയില്‍ എത്തിക്കണം. 2016ല്‍ 118 പേര്‍ക്ക് കടിയേറ്റു. ഇതില്‍ എട്ടുപേര്‍ മരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാമ്പുകടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചേര്‍ത്തല താലൂക്കിലാണ്. പാമ്പ് സംരക്ഷകനായി മാത്രം അറിയപ്പെടാന്‍ താല്‍പര്യമില്ളെന്ന് വാവ സുരേഷ് പറഞ്ഞു. പന്നി, നീര്‍നായ, മരപ്പട്ടി തുടങ്ങിയ വന്യജീവികളുടെയും സംരക്ഷകനാണെന്ന് വ്യക്തമാക്കിയ അദ്ദേഹം വിവിധ ഇനം പാമ്പുകളെ കാണികള്‍ക്ക് പരിചയപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.