ആലപ്പുഴയില്‍ റോഡ് കൈയേറ്റം വ്യാപകം

ആലപ്പുഴ: ആലപ്പുഴ പട്ടണത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ റോഡ് കൈയേറ്റം വ്യാപകമാകുന്നതായി താലൂക്ക് വികസന സമിതി. നഗരത്തിന്‍െറ ഹൃദയഭാഗമായ മുല്ലക്കല്‍ തെരുവിലാണ് കൂടുതലും കൈയേറ്റം നടക്കുന്നത്. ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കാന്‍ സാധന സാമഗ്രികള്‍ റോഡിലേക്ക് ഇറക്കി പ്രദര്‍ശിപ്പിച്ചും നടപ്പാതയടക്കം കൈയേറിയിരിക്കുകയാണ്. ഇക്കാരണത്താല്‍ പൊതുജനങ്ങള്‍ക്ക് നടന്നുപോകാന്‍ കഴിയുന്നില്ല. വഴിച്ചേരി പാലത്തിന്‍െറ വടക്കുകിഴക്ക് മൂല ചേര്‍ത്ത് റോഡ് പണിക്കുള്ള ഉപകരണങ്ങളും വാഹനങ്ങളും ഏറെ നാളായി കിടക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. സ്വകാര്യബസുകള്‍ വളവിലും ജങ്ഷനുകളിലും നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെയും വന്‍കിട കമ്പനികളുടെയും പരസ്യ ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ശല്യം കൂടുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ആലപ്പുഴ നഗരസഭയെ ചുമതലപ്പെടുത്തി. റേഷന്‍ കടകളില്‍ ലഭ്യമായ സാധനങ്ങളുടെ വിലനിലവാരം പ്രദര്‍ശിപ്പിക്കുന്നത് ഉറപ്പുവരുത്താന്‍ താലൂക്ക് സപൈ്ള ഓഫിസര്‍ പരിശോധന നടത്തണം. നഗരത്തിലെ കനാലുകള്‍ പോള നിറഞ്ഞ് വൃത്തിഹീനമായി കിടക്കുകയാണ്. ഇക്കാരണത്താല്‍ കൊതുകുകള്‍ പെരുകുന്നത് പകര്‍ച്ച വ്യാധികള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണം. യോഗത്തില്‍ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുലാല്‍ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ താലൂക്ക് അഡീഷനല്‍ തഹസില്‍ദാര്‍ പി.വി. സജീവ്, നഗരസഭ കൗണ്‍സിലര്‍ ബഷീര്‍ കോയപറമ്പില്‍, ജോണി മുക്കം, ഡി. കൃഷ്ണന്‍, അബ്ദുല്‍ സലാം ലബ്ബ, എം.ഇ. നിസാര്‍ അഹമ്മദ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.