വെള്ളാപ്പള്ളി നടേശൻ എൻജി. കോളജിൽ വിദ്യാർഥിയുടെ ആത്മഹത്യശ്രമം

കായംകുളം: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളജിൽ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു. മാനേജ്മെൻറ് പീഡനമാണ് കാരണമെന്ന് എസ്.എഫ്.െഎ ആരോപിച്ചു. മാനേജറുടെ ബന്ധുവീട്ടിലേക്ക് മാറ്റിയ വിദ്യാർഥിയെ എസ്.എഫ്.െഎ ഇടപെട്ട് ആശുപത്രിയിലാക്കി. പ്രിൻസിപ്പലിനെതിരെ ആത്മഹത്യപ്രേരണക്കുറ്റത്തിന് കേസെടുത്തു. കോളജും മാനേജറുടെ വീടും കനത്ത പൊലീസ് കാവലിലാണ്. രണ്ടാംവർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി തിരുവനന്തപുരം കിളിമാനൂർ പാർപ്പിടത്തിൽ ആർഷാണ് (20) ഹോസ്റ്റലിൽ ആത്മഹത്യശ്രമം നടത്തിയത്. ഞായറാഴ്ച പുലർച്ചെ 2.30ഒാടെ കൈത്തണ്ട മുറിച്ചശേഷം ഫാനിൽ കെട്ടിത്തൂങ്ങാൻ ശ്രമിക്കുകയായിരുന്നു. അടച്ചിട്ട മുറിയിൽ ആളനക്കം കേട്ട് ഒന്നാംവർഷ വിദ്യാർഥികൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് രക്ഷപ്പെടുത്തി. കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച വിദ്യാർഥിയെ മാനേജ്മെൻറ് ഇടപെട്ട് തിരികെ കൊണ്ടുവന്നു. ആത്മഹത്യശ്രമം പുറത്തറിയിക്കരുതെന്ന് ഭീഷണിയുണ്ടായതായി വിദ്യാർഥികൾ പറയുന്നു. മാനേജറുടെ ബന്ധുവീട്ടിലേക്ക് മാറ്റി കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർഥിസംഘടനകളുടെ ഇടപെടലിൽ വീണ്ടും കായംകുളം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കാൻറീൻ ഭക്ഷണം മോശമായതിനെക്കുറിച്ച് പരാതിപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. കാൻറീൻ പരിസരം വൃത്തിഹീനമായതിനാലും ഭക്ഷണം മോശമായതിനാലും പുറത്തുനിന്ന് കഴിക്കാൻ പ്രിൻസിപ്പലിനോട് അനുമതി വാങ്ങിയിരുന്നു. കഴിഞ്ഞദിവസം ആർഷും കൂട്ടുകാരും ഭക്ഷണം കഴിച്ച് തിരിച്ചെത്താൻ അഞ്ചുമിനിറ്റ് വൈകി. പ്രകോപിതനായ പ്രിൻസിപ്പൽ പരുഷമായി പെരുമാറുകയും ഹോസ്റ്റലിൽനിന്ന് പുറത്താക്കുമെന്ന് രക്ഷാകർത്താക്കളെ അറിയിക്കുകയും ചെയ്തു. വിദേശത്തുള്ള പിതാവ് ആർഷിനെ വിളിച്ചത് മാനസികസംഘർഷം വർധിപ്പിച്ചു. കോളജിലെ ഇടിമുറി വിവാദം അടക്കമുള്ള വിഷയങ്ങളിൽ നടന്ന സമരങ്ങളിൽ സജീവമായിരുന്നതിനാൽ ആർഷിനോട് മാനേജ്മെൻറിന് വിരോധമുണ്ടായിരുന്നു. മൂന്നാഴ്ച മുമ്പ് കോളജിനുള്ളിൽ വിദ്യാർഥി സംഘർഷമുണ്ടായിരുന്നു. ഇതിലുൾപ്പെടാതിരുന്ന ആർഷിനെ പ്രതിയാക്കിയതും മാനസികസമ്മർദത്തിന് കാരണമായതായി സഹപാഠികൾ പറയുന്നു. സംഭവത്തിൽ കോളജ് മാനേജർ സുഭാഷ് വാസു, പ്രിൻസിപ്പൽ ഗണേഷ് എന്നിവർക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റത്തിന് കേസെടുത്തതായി സി.െഎ പി. ശ്രീകുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.