ചേർത്തല: സമുദ്രോൽപന്ന വ്യവസായ മേഖലയെ ഹർത്താലിൽനിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി കയറ്റുമതി ശാലകളും പീലിങ് ഷെഡുകളും ഐസ് പ്ലാൻറുകളും അനുബന്ധ വ്യവസായ ശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടുമെന്ന് ചേംബർ ഓഫ് കേരള സീഫുഡ് ഇൻഡസ്ട്രീസ് കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസം തുടർച്ചയായി നടന്ന ഹർത്താലിൽ സമുദ്രോൽപന്ന വ്യവസായ മേഖലയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ രണ്ട് ലക്ഷത്തിൽപരം തൊഴിലാളികൾ ജോലിചെയ്യുന്ന കയറ്റുമതി, പീലിങ്, അനുബന്ധ മേഖലയിൽ പ്രതിവർഷം പതിനായിരം കോടി രൂപയുടെ വിദേശനാണ്യമാണ് നേടിത്തരുന്നത്. ഓരോവർഷവും സമുദ്രോൽപന്നങ്ങളിൽ ഗണ്യമായ കുറവുവരുന്നുണ്ട്. ഒറീസ, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്ന വനാമി ചെമ്മീനാണ് ഈ മേഖലയെ ഇപ്പോൾ പിടിച്ചുനിർത്തുന്നത്. കഴിഞ്ഞ രണ്ടുദിവസം തുടർച്ചയായി നടന്ന ഹർത്താൽ സമുദ്രോൽപന്ന മേഖലയിലാകെ വൻ പ്രതിസന്ധിയും കോടികളുടെ നഷ്ടവും ഉണ്ടാക്കി. ഹർത്താലുകളെ പ്രതിരോധിക്കാൻ ശക്തമായ നടപടി അനിവാര്യമാണ്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഈമാസം 23 മുതൽ കേരളത്തിലെ മുഴുവൻ കയറ്റുമതി ശാലകളും പീലിങ് അനുബന്ധ വ്യവസായ ശാലകളും അടച്ചുപൂട്ടുമെന്ന് ചേംബർ ഓഫ് കേരള സീഫുഡ് ഇൻഡസ്ട്രീസ് പ്രസിഡൻറ് വി.പി. ഹമീദ്, സെക്രട്ടറി വി.കെ. ഇബ്രാഹിം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.