കായംകുളം: നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡ് മുതൽ കെ.എസ്.ആർ.ടി.സി ജങ്ഷൻ വരെയുള്ള കോടതി റോഡിലെ അനധികൃത കച്ചവടവും കൈയേറ്റവും ഒഴിപ്പിക്കാൻ ഗതാഗത ഉപദേശക സമിതി തീരുമാനം. ഗതാഗതത്തിന് തടസ്സമാകുന്നതായ പരാതിയെ തുടർന്നാണ് നടപടി. അടിയന്തര നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിനെയും പൊലീസിനെയും ചുമതലപ്പെടുത്തി. കെ.പി റോഡിലൂടെ കായംകുളത്തേക്ക് വരുന്ന എല്ലാ സ്വകാര്യ ബസുകളും റെയിൽവേ സ്‌റ്റേഷൻ ടെർമിനൽ ബസ് സ്റ്റാൻഡിൽ കയറണം. കായംകുളത്തുനിന്ന് പുറപ്പെടുന്ന ബസുകൾ കർശനമായും പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് സർവിസ് തുടങ്ങണം. അവയിൽ റെയിൽവേ സ്റ്റേഷൻ വഴി പെർമിറ്റുള്ളവ ടെർമിനൽ ബസ് സ്റ്റാൻഡിൽ കയറണം. ഒരു കാരണവശാലും റെയിൽവേ സ്റ്റേഷനിൽനിന്ന് സർവിസ് ആരംഭിക്കരുതെന്നും നിർദേശിച്ചു. കായംകുളം, അടൂർ, പത്തനാപുരം, പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന് കായംകുളം ഭാഗത്തേക്ക് വരുന്ന ബസുകൾ ടെർമിനൽ ബസ് സ്റ്റാൻഡിൽ കയറണം. മിനി സിവിൽ സ്‌റ്റേഷനിലെ അനധികൃത പാർക്കിങ് നിരോധിക്കാൻ കലക്ടർക്ക് കത്തുനൽകും. താലൂക്ക് ആശുപത്രിയിൽ രോഗികളെ കൊണ്ടുവരുന്നവയും ജീവനക്കാരുടെയും ഒഴികെയുള്ള വാഹനങ്ങളുടെ പാർക്കിങ് നിരോധിക്കും. തീരുമാനം നടപ്പിൽ വരുത്തുന്നതിന് എച്ച്.എം.സിക്ക് കത്തുനൽകും. ലിങ്ക് റോഡിൽ ആര്യാസ് ഹോട്ടലിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കും. റെയിൽവേ സ്റ്റേഷനിൽ പ്രീ പെയിഡ് ഓട്ടോ, ടാക്‌സി കൗണ്ടർ ആരംഭിക്കാൻ കായംകുളം ജെ.സി.ഐക്ക് അനുമതി നൽകണമെന്ന് റെയിൽവേയോട് ആവശ്യപ്പെടാനും തീരുമാനിച്ചു. നഗരസഭ ചെയർമാൻ അഡ്വ. എൻ. ശിവദാസൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ മുരളീധരക്കുറുപ്പ്, ജോയൻറ് ആർ.ടി.ഒ ജി.എസ്. സജി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.