ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രം: എസ്.ബി.ടി നിലപാട് വഞ്ചനാപരം –എം.പി

ആലപ്പുഴ: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍െറയും എസ്.ബി.ടിയുടെയും സംയുക്ത പങ്കാളിത്തത്തോടെ ആരംഭിച്ച കലവൂരിലെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തിന്‍െറ കെട്ടിടനിര്‍മാണ കാര്യത്തില്‍ എസ്.ബി.ടി കാണിക്കുന്ന നിസ്സംഗത വഞ്ചനാപരമാണെന്ന് കെ.സി. വേണുഗോപാല്‍ എം.പി. കലക്ടറേറ്റില്‍ ചേര്‍ന്ന നിര്‍മാണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയിലെ യുവതീയുവാക്കള്‍ക്ക് സ്വയം തൊഴില്‍ പരിശീലനത്തിന് രണ്ടുകോടിയുടെ പദ്ധതിക്ക് 2010ലാണ് ഗ്രാമവികസന മന്ത്രാലയവും എസ്.ബി.ടിയും ഒപ്പുവെച്ചത്. ഇതുപ്രകാരം ഒരുകോടി രൂപ ബാങ്കിന്‍െറ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ടില്‍നിന്ന് ചെലവഴിക്കാനും ഒരു കോടി ഗ്രാമവികസന മന്ത്രാലയം ഗ്രാന്‍റായി നല്‍കാനുമാണ് തീരുമാനിച്ചത്. കേന്ദ്രവിഹിതമായി 50 ലക്ഷം രൂപ ലഭിച്ചു. എന്നാല്‍, മൂന്ന് വര്‍ഷത്തിനിടെ ഫണ്ടിനത്തില്‍ ഒരുരൂപപോലും നീക്കിവെക്കാന്‍ എസ്.ബി.ടി തയാറായില്ല. സി.എസ്.ആര്‍ ഫണ്ടിന്‍െറ കാര്യത്തില്‍ എസ്.ബി.ടി മാനേജ്മെന്‍റ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രിയുമായി ചര്‍ച്ച നടത്തിയപ്പോഴാണ് ധാരണാപത്ര വ്യവസ്ഥകളെക്കുറിച്ച് വ്യക്തമായത്. കലവൂരില്‍ പരിശീലനകേന്ദ്രം ആരംഭിച്ചത് മുതല്‍ 4300 പേരോളം സ്വയം തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കി. ഇതില്‍ 3100 പേര്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ചു. ഈ പദ്ധതിയോട് ആലപ്പുഴ ജില്ലയില്‍ എസ്.ബി.ടി സ്വീകരിക്കുന്ന നിഷേധാത്മക നയം ന്യായീകരിക്കാവുന്നതല്ല. എസ്.ബി.ടിക്ക് താല്‍പര്യം ഇല്ലായിരുന്നെങ്കില്‍ മറ്റ് പൊതുമേഖലാ ബാങ്കുകളുമായി ധാരണാപത്രം ഒപ്പുവെക്കാമായിരുന്നു. ഇനി അതിന് മുതിരുന്നത് അനിശ്ചിതത്വം ഉണ്ടാക്കും. അടുത്ത ത്രൈമാസ കാലയളവില്‍ ഫണ്ട് നീക്കിവെക്കാമെന്ന എസ്.ബി.ടി ഡി.ജി.എമ്മിന്‍െറ മറുപടിയില്‍ എം.പി തൃപ്തനായില്ല. ഉടന്‍ അനുകൂല തീരുമാനം ഉണ്ടായില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. ആവശ്യമെങ്കില്‍ എസ്.ബി.ടി ഡയറക്ടറുടെ ഓഫിസിനുമുന്നില്‍ താന്‍ സത്യഗ്രഹം ഇരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കലക്ടര്‍ വിഷയത്തില്‍ ഇടപെട്ടതിനത്തെുടര്‍ന്ന് മൂന്ന് ദിവസത്തിനുള്ളില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് എസ്.ബി.ടി അധികൃതരില്‍നിന്ന് ഉറപ്പ് ലഭിച്ചു. കലക്ടര്‍ വീണ എന്‍. മാധവന്‍, എസ്.ബി.ടി ഡി.ജി.എം സാലിയമ്മ സ്കറിയ, എ.ജി.എം എന്‍. ശശീന്ദ്രന്‍ പിള്ള, ആര്‍.എസ്.ഇ.ടി.ഐ സ്റ്റേറ്റ് ഡയറക്ടര്‍ കിഷോര്‍ കുമാര്‍, ആലപ്പുഴ ലീഡ് ബാങ്ക് മാനേജര്‍ ജഗദീഷ് രാജ്കുമാര്‍, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ.ആര്‍. ദേവദാസ്, ജില്ലാതല ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.