പിരിച്ചുവിട്ട ശുചീകരണതൊഴിലാളികള്‍ ദുരിതത്തില്‍

ചാരുംമൂട്: മഴക്കാല ശുചിത്വ പരിപാടിയുടെ ഭാഗമായി നിയമിച്ച ശുചീകരണതൊഴിലാളികളെ പിരിച്ചുവിട്ടു.11 മാസത്തെ ശമ്പള കുടിശ്ശിക പോലും നല്‍കാതെയാണ് തൊഴിലാളികളെ പിരിച്ചുവിട്ടത്. 2012 ജൂലൈ 14നാണ് മൂന്നുമാസ കാലാവധിയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭിമുഖം നടത്തി 35 പേരെ ജോലിക്ക് വിവിധ ആശുപത്രികളില്‍ നിയമിച്ചത്. 283 രൂപ ദിവസവേതനത്തില്‍ നിയമിച്ച ഇവരെ ഒരു മാനദണ്ഡവും പാലിക്കാതെ കഴിഞ്ഞ സെപ്റ്റംബര്‍ 30ന് അധികൃതര്‍ പിരിച്ചുവിട്ടതോടെയാണ് തൊഴിലാളികളും കുടുംബങ്ങളും ദുരിതത്തിലായത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലത്തെുമ്പോള്‍ എട്ടുമാസത്തെ ശമ്പളമാണ് കുടിശ്ശികയുണ്ടായിരുന്നത്. മൂന്നുമാസത്തേക്കാണ് തൊഴിലാളികളെ നിയമിച്ചതെങ്കിലും കാലാവധി നീട്ടുകയായിരുന്നു. രാത്രിയോ പകലോ വ്യത്യാസമില്ലാതെ ജോലി ചെയ്ത ഇവരെ മഴക്കാല രോഗങ്ങളില്ളെന്ന് പറഞ്ഞാണ് പിരിച്ചുവിട്ടതെന്ന് തൊഴിലാളികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. ജീവനക്കാര്‍ ഇല്ലാത്ത ദിവസങ്ങളില്‍ 24 മണിക്കൂര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നില്ല. എന്നാല്‍, ആദ്യവര്‍ഷം 900 രൂപ ഓണബത്ത നല്‍കി. ഇതും പിന്നീട് നിര്‍ത്തലാക്കി. എന്നാല്‍, പിരിച്ചുവിടുന്നതിന് മുമ്പ് ഫെബ്രുവരി മാസത്തില്‍ ഇത്തരം തൊഴിലാളികള്‍ക്ക് ശമ്പളം കൂട്ടികൊടുക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.ജില്ലയില്‍ ആദ്യമായാണ് ശുചീകരണതൊഴിലാളികളെ ആരോഗ്യവകുപ്പ് നേരിട്ട് നിയമിച്ചത്. പിന്നീട് ഒരാളെപ്പോലും നിയമിച്ചില്ളെന്ന് തൊഴിലാളികള്‍ പറയുന്നു. കൂടുതല്‍ പേരും വിധവകളും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമാണ്. ജോലി ചെയ്ത മാസങ്ങളിലെ ശമ്പളം കിട്ടാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടിലാണ് ഇവര്‍ കഴിയുന്നത്. ശമ്പളകുടിശ്ശിക തീര്‍ത്ത് നല്‍കണമെന്നും ജോലി സ്ഥിരതക്ക് നടപടിവേണമെന്നുമാണ് ഇവരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.