നിര്‍ധന യുവതികള്‍ക്ക് ജീവിതമൊരുക്കി ഫോക്കസ്

അമ്പലപ്പുഴ: സാമൂഹിക-സാംസ്കാരിക സംഘടനയായ ഫോക്കസ് നിര്‍ധന യുവതികള്‍ക്ക് ജീവിതമൊരുക്കി മാതൃകയാകുന്നു. അമ്പലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോക്കസ് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് കുഞ്ചന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ രണ്ട് യുവതികളുടെ വിവാഹം നടത്തിയത്. കട്ടക്കുഴി പുതുവല്‍ വീട്ടില്‍ പരേതരായ വേണു-വാസന്തി ദമ്പതികളുടെ മകള്‍ ആരതിയെ വളഞ്ഞവഴി പുതുവല്‍ ചന്ദ്രന്‍-ശോഭന ദമ്പതികളുടെ മകന്‍ വിനോദാണ് താലി ചാര്‍ത്തിയത്. വിനോദ് പീലിങ്ഷെഡ് തൊഴിലാളിയാണ്. തൃക്കുന്നപ്പുഴ പാനൂര്‍ തൈവെപ്പ് പറമ്പില്‍ നകുലന്‍െറയും ശോഭനയുടെയും മകള്‍ ആതിരയെ പുറക്കാട് ഇല്ലത്തുപറമ്പില്‍ ഗോപിയുടെയും സരളയുടെയും മകന്‍ വിനുവും ജീവിതസഖിയാക്കി. വിനു മത്സ്യത്തൊഴിലാളിയാണ്. ഇവരുടെ വിവാഹച്ചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. എല്ലാ ചെലവുകളും വഹിച്ചത് ഫോക്കസാണ്. അഞ്ചുപവന്‍ വീതം സ്വര്‍ണാഭരണങ്ങള്‍, വധൂവരന്മാര്‍ക്ക് വേണ്ടിയുള്ള വസ്ത്രങ്ങള്‍ എന്നിവ കൂടാതെ 5000 രൂപ വീതവും ഫോക്കസ് നല്‍കി. 500 പേര്‍ക്കാണ് സദ്യയൊരുക്കിയത്. ഇതിന് മുന്‍കൈയെടുത്ത ഫോക്കസ് ചെയര്‍മാന്‍ സി. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ വി. രംഗന്‍, എം. സോമന്‍ പിള്ള എന്നിവരെ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. പുതുമന മൂടമ്പാടി ക്ഷേത്രം മേല്‍ശാന്തി വി.എം. പാര്‍ഥസാരഥി നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ജനപ്രതിനിധികളും പഞ്ചായത്ത് ഭാരവാഹികളും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യംവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.