എലിവേറ്റഡ് ഹൈവേ നിര്‍മാണം ഇഴയുന്നു

ആലപ്പുഴ: തൊഴില്‍ തര്‍ക്കങ്ങളില്‍ കുടുങ്ങി ബൈപാസിന്‍െറ ഭാഗമായ കടപ്പുറത്തെ എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം മുടങ്ങുന്നത് പതിവാകുന്നു. ഇതുവരെ 28 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കരാറുകാരായ ആര്‍.ഡി.എഫ് കമ്പനി പൂര്‍ത്തീകരിച്ചത്. 350 കോടി രൂപയാണ് പദ്ധതി തുക ഇതില്‍ 41 കോടിരൂപ ഇതുവരെ ചെലവഴിച്ചുകഴിഞ്ഞു. നിര്‍മാണ സാമഗ്രിയായ കമ്പി ഇറക്കുന്നത് സംബന്ധിച്ച് ചുമട്ട് തൊഴിലാളികള്‍ ഉയര്‍ത്തുന്ന തര്‍ക്കമാണ് നിരന്തരം ഇവിടെ ഉണ്ടാകുന്നത്. യന്ത്രസഹായം കൂടാതെ തൊഴിലാളികളെ കമ്പി ഇറക്കുന്ന ജോലിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു യൂനിയന്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്. തൊഴിലാളികള്‍ കമ്പികള്‍ എടുത്ത് കൈകാര്യം ചെയ്യുമ്പോള്‍ ഇവ നശിക്കുന്നവെന്ന് ചൂണ്ടിക്കാട്ടിയാണ് ജോലിയില്‍നിന്ന് ഇവരെ മാറ്റിയത്. കൂടാതെ വാടകയ്ക്കെടുത്ത ക്രെയിനുകള്‍ ഉപയോഗിക്കാത്തത് മൂലം ഭീമമായ നഷ്ടം വേറെ ഉണ്ടാകുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കമ്പനി അധികൃതരും തൊഴിലാളി യൂനിയനുകളും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ചര്‍ച്ച ചെയ്ത് തര്‍ക്കം പരിഹരിക്കുകയും, 30 ഓളം വരുന്ന തൊഴിലാളികളെ വീണ്ടും ജോലിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് കാര്യങ്ങള്‍ സുഗമമായി നടന്നു. എന്നാല്‍, കെട്ടുകളായി വരുന്ന കമ്പികള്‍, അവ ഓരോന്നായി ഇറക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ ശനിയാഴ്ച മുതല്‍ വീണ്ടും സമരം തുടങ്ങി. സമയനഷ്ടം വരുന്ന കാര്യമായതിനാല്‍ തൊഴിലാളികളുടെ ഉന്നയിച്ച ആവശ്യം അംഗീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് സമരം ശക്തമായി. ഇതേതുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് എത്തിയ അഞ്ച് ലോറികള്‍ ലോഡ് ഇറക്കാന്‍ കഴിയാതെ കടപ്പുറത്ത് കുടുങ്ങി. അവധി ദിവസങ്ങളുമായതിനാല്‍ ചര്‍ച്ചകള്‍ക്കുള്ള അവസരവും ഇല്ലാതായി. ലോറികള്‍ക്ക് 6000 രൂപ വാടക നല്‍കിയാണ് അധികൃതര്‍ കമ്പികള്‍ എത്തിച്ചത്. ലോറി മടക്കി അയക്കാന്‍ കഴിയാതെ വന്നതോടെ ഇതിന്‍െറ വാടക കൂടുതല്‍ നല്‍കേണ്ട ഗതികേടിലുമായി അധികൃതര്‍. ഒടുവില്‍ അഡീഷനല്‍ ലേബര്‍ ഓഫിസര്‍ പത്മഗിരീഷിന്‍െറ സാനിധ്യത്തില്‍ യൂനിയനും കമ്പനി അധികൃതരും ചേര്‍ന്ന് ബുധനാഴ്ച പ്രശ്നം ചര്‍ച്ച ചെയ്തു. കമ്പികള്‍ ഒന്നിച്ചിറക്കാമെന്ന ധാരണയില്‍ തര്‍ക്കം താല്‍ക്കാലികമായി പരിഹരിച്ചിരിക്കുകയാണ്. പ്രോജക്ട് മാനേജര്‍ ശ്യാം, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.