സാങ്കേതിക വിദ്യ നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ സുതാര്യമാക്കും –ജസ്റ്റിസ് പി. ഭവദാസന്‍

ആലപ്പുഴ: ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ സുതാര്യമാക്കുമെന്ന് ഹൈകോടതി ജഡ്ജി പി. ഭവദാസന്‍ പറഞ്ഞു. ആലപ്പുഴ ജില്ലാകോടതി സമുച്ചയത്തില്‍ കേസ് വിവരങ്ങള്‍ അറിയുന്നതിന് സ്ഥാപിച്ച ടച്ച് സ്ക്രീന്‍ കിയോസ്ക് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിയോസ്കുകള്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ജുഡീഷ്യറി കൂടുതല്‍ സുതാര്യമാകുന്നതിന്‍െറ ഭാഗമായി വേണം കാണാന്‍. ഇത്തരം ആധുനീകരണ പ്രക്രിയയില്‍ അഭിഭാഷകരുടെ സഹകരണം ഏറെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജഡ്ജി ആനി ജോണ്‍ അധ്യക്ഷത വഹിച്ചു. ഹൈകോടതി മുന്‍ ജഡ്ജി കെ. സുകുമാരന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. ഉണ്ണികൃഷ്ണന്‍, പി.ഡബ്ള്യു.ഡി അസിസ്റ്റന്‍റ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, അഡ്വക്കറ്റ് ക്ളര്‍ക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് മോഹനന്‍ എന്നിവര്‍ സംസാരിച്ചു. പൊതുജനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും ഗുമസ്തന്‍മാര്‍ക്കും കേസ് വിവരങ്ങള്‍ അറിയുന്നതിന് ടച്ച് സ്ക്രീനിന്‍െറ സേവനം പ്രയോജനപ്പെടുത്താം. പേര് നല്‍കിയോ കേസ് നമ്പര്‍ നല്‍കിയോ കേസ് സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കാം. കൂടാതെ ഓരോ ബെഞ്ചിലും പരിഗണിക്കുന്ന കേസുകള്‍, നിലവിലെ കേസിന്‍െറ സ്ഥിതി, ഇതുവരെയുള്ള പുരോഗതി എന്നിവയെല്ലാം ഓണ്‍ലൈനായി കിയോസ്ക് വഴി ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.