ആലപ്പുഴ: ചേര്‍ത്തലയില്‍ വിദ്യാഭ്യാസ വായ്പയുടെ പേരില്‍ ജപ്തി ഭീഷണി ഉണ്ടായ ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എജുക്കേഷനല്‍ ലോണീസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പലിശയിനത്തില്‍ ഭീമമായ തുക വകവെച്ചെടുക്കുകയും ഗുണഭോക്താക്കളെ വീണ്ടും വലിയ കുടിശ്ശികക്കാരാക്കി കണക്കുകള്‍ ഉണ്ടാക്കുകയുമാണ് ബാങ്കുകള്‍ ചെയ്യുന്നത്. കുറവ് ചെയ്യുന്ന തുക ബാങ്കുകള്‍ നല്‍കുന്ന ഒൗദാര്യമെന്ന് ധരിപ്പിക്കുകയും സിവില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. വിദ്യാഭ്യാസ വായ്പകളില്‍മേലുള്ള റവന്യൂ റിക്കവറി ആറുമാസത്തേക്ക് നീട്ടുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍, ഇതൊന്നും വകവെക്കാതെ ചില ബാങ്കുകള്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണ്. ജപ്തി നടപടിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ചില റവന്യൂ ഉദ്യോഗസ്ഥര്‍ ബാങ്കുകളുടെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുകയാണ്. പലിശ ഇനത്തില്‍ വന്‍തുക കൈപ്പറ്റിയശേഷവും അവരെ ബാധ്യതക്കാരായി മാറ്റുകയാണ്. ഈ സാഹചര്യം അവസാനിപ്പിക്കാന്‍ അദാലത്തുകള്‍ നടത്തി തുക പത്ത് തവണകളായെങ്കിലും അടക്കുന്നതിന് അവസരമൊരുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പോളി തോമസ്, ജോസഫ് ആലഞ്ചേരി, എ.ജെ. വര്‍ഗീസ്, സന്തോഷ് കുമാര്‍, പാപ്പച്ചന്‍ കരുമാടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.