പടനിലം പരബ്രഹ്മ ക്ഷേത്രം ശിവരാത്രി ഉത്സവത്തിന് ഒരുങ്ങി

ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനപ്രതിനിധികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ക്ഷേത്രഭാരവാഹികളുടെയും ഉത്സവകമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തിന്‍െറ തീരുമാനപ്രകാരം കെ.എസ്.ഇ.ബി വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നത് അടക്കമുളള നടപടി പൂര്‍ത്തീകരിച്ചുവരുന്നു. ക്രമസമാധാന പാലനത്തിന് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനും സുരക്ഷയുടെ ഭാഗമായി വിവിധ കരകളില്‍നിന്നുള്ള കെട്ടുത്സവത്തോടൊപ്പവും ക്ഷേത്രപരിസരത്തും നിരീക്ഷണകാമറകള്‍ സ്ഥാപിക്കാനും അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റ് ക്ഷേത്രപരിസരത്ത് ക്യാമ്പ് ചെയ്യാനും തീരുമാനമായി. ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ ശിവരാത്രി ദിവസമായ ഏഴ്, എട്ട് ദിവസങ്ങളില്‍ പടനിലം പി.എച്ച് സെന്‍റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നടപടി പൂര്‍ത്തീകരിച്ചു. എക്സൈസ് വകുപ്പിന്‍െറ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. പ്ളാസ്റ്റിക് മുക്ത ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. പകര്‍ച്ചവ്യാധി ഉള്ളതിനാല്‍ ഭക്ഷണസാധനങ്ങളുടെയും ശീതളപാനീയങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാന്‍ ഡി.എം.ഒയുടെ നിര്‍ദേശപ്രകാരം പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിക്കും. കെ.എസ്.ആര്‍.ടി.സി വിവിധ ഡിപ്പോകളില്‍നിന്ന് പ്രത്യേക സര്‍വിസ് ഏര്‍പ്പെടുത്തി. കെട്ടുത്സവം കടന്നുവരുന്ന റോഡിന്‍െറ വശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രഭരണസമിതി പ്രസിഡന്‍റ് സി.ആര്‍. വേണുഗോപാല്‍, ആര്‍. അജയന്‍, കെ.എസ്. സേതുനാഥ്, എന്‍. ഭദ്രന്‍, സുരേഷ് പാറപ്പുറം, രാധാകൃഷ്ണന്‍ രാധാലയം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.